ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിച്ചു. ഡല്‍ഹിയിലെ മണ്ഡാവലി ഗ്രാമത്തിലെ മാനസി(8), പാറോ(4), സുഖോ(2) എന്നീ കുട്ടികളാണ് ഭക്ഷണം കിട്ടാതെയും തിരിഞ്ഞു നോക്കാനാരുമില്ലാതേയും പട്ടിണി കിടന്നു മരിച്ചത്. എട്ട് ദിവസമായി കുട്ടികള്‍ ഭക്ഷണം കഴിക്കാതെ കൊടുംപട്ടിണിയിലായിരുന്നു. ഒടുവില്‍ ആ പിഞ്ചുകുട്ടികള്‍ വിശപ്പ് സഹിക്കാനാവാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്യതലസ്ഥാനത്താണ് ലജ്ജാവഹവും നൊമ്പരപ്പെടുത്തുന്നതുമായ സംഭവം ഉണ്ടായത്. കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ കുട്ടികളുടെ അച്ഛനെയും കാണാതായതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. കുട്ടികള്‍ മരിച്ചെന്ന് ഉറപ്പായതോടെയാണ് പിതാവ് ഒളിവില്‍ പോയതെന്നാണ് സൂചന. കുട്ടികളുടെ അമ്മ മാനസിരോഗിയുമാണ്. വാടക വീട്ടില്‍ കഴിയുന്ന കുടുംബം ഇവിടെ എത്തിയിട്ട് അധികം നാളായിട്ടില്ലെന്ന് അയല്‍വാസികളും പറയുന്നു.
ഇവര്‍ക്ക് കുട്ടികളെ തീരെ ശ്രദ്ധിക്കാനോ അവരെ പരിപാലിക്കാനോ സാധിച്ചിരുന്നില്ല. തൊഴിലന്വേഷിച്ചു പോകും മുന്‍പ് മംഗള്‍ പുതിയ സ്ഥലത്തേക്ക് ഭാര്യയേയും മക്കളേയും മാറ്റി താമസിപ്പിച്ചിരുന്നു. അച്ഛന്റേയും അമ്മയുടേയും ശ്രദ്ധ കിട്ടാതിരുന്ന കുട്ടികള്‍ സ്വന്തം നിലയില്‍ ഭക്ഷണം യാചിച്ചു നോക്കിയെങ്കിലും പുതിയ സ്ഥലത്ത് ആ ശ്രമം പരാജയപ്പെട്ടു. ആരൊക്കെയോ ചേര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു 18 മണിക്കൂര്‍ മുന്‍പെങ്കിലും അവര്‍ മരിച്ചിരുന്നുവെന്നാണ് ഇവരെ പരിശോധിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അമിത് സക്സേന പറയുന്നത്. കുട്ടികള്‍ മരിച്ചത് പട്ടിണി കിടന്നാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുട്ടികളുടെ മരണകാരണം സംബന്ധിച്ച സംശയം തീര്‍ക്കാന്‍ സര്‍ക്കാര്‍ മറ്റൊരു മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് ദില്ലി ഡി.സി.പി പങ്കജ് സിംഗ് അറിയിച്ചു. കുട്ടികളുടെ പിത്താശയം മുഴുവന്‍ പിത്തരസം കെട്ടിക്കിടക്കുകയായിരുന്നുവെന്നും മൂത്രാശയവും മലാശയവുമെല്ലാം ശൂന്യമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തില്‍ മജിസ്‌ട്രേട്ടുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ പട്ടിണി മൂലം മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം