രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ നില തുടർന്നാൽ ഇന്ത്യ തകർന്നടിയും; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ സമ്പത്തിക ഉപദേശകൻ

  • Post category:news
  • Reading time:2 mins read
You are currently viewing രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ നില തുടർന്നാൽ ഇന്ത്യ തകർന്നടിയും; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ സമ്പത്തിക ഉപദേശകൻ

ഇന്ത്യ പുരോ​ഗതി കൈവരിക്കുകയാണെന്ന മോഡിസർക്കാരിന്‍റെ അവകാശ വാദങ്ങൾക്ക് തിരിച്ചടിയായി പ്രാധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഉപദേശകരിലെ പ്രധാനിയായ രതിൻ റോയ് ആണ് ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന നിര്‍ണായക വെള്ളിപ്പെടുത്തലുമായി രം​ഗത്തു വന്നിരിക്കുന്നത്.

രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് നരേന്ദ്ര മോഡിസര്‍ക്കാരും ബി.ജെ.പി നേതാക്കളും തുടര്‍ച്ചയായി അവകാശപ്പെടുന്നതിനിടെയാണ് രതിന്‍റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കവെ മോഡിയുടെ ഉപദേശകന്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു. ഗുരുതരമായ കാര്യങ്ങളാണ് അദ്ദേഹം പരസ്യമാക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ കൂടിയാണ് രതിന്‍ റോയ്.

മൂന്നു കാര്യങ്ങൾ സമ്പത്തിക തകർച്ചയുടെ കാരണമായി റോയി ചൂണ്ടിക്കാണിക്കുന്നത്. ഘടനാപരമായ തകര്‍ച്ചയാണ് ഇന്ത്യ നേരിടാൻ പോകുന്നതെന്നും രതിന്‍ റോയ് മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോഗത്തിന്‍റെ വളര്‍ച്ചയില്‍ വന്ന കുറവാണ് പ്രധാന തകര്‍ച്ചാ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്ഥിര നിക്ഷേപത്തില്‍ വന്ന കുറവ് ആശങ്കയുണ്ടാക്കുന്നു. കൂടാതെ കയറ്റുമതിയിലും കുറവുണ്ടായി.

രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഈ മാറ്റം കൂടുതല്‍ പ്രകടമായത്. വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും രതിന്‍ റോയ് പറഞ്ഞു. സാമ്പത്തിക രംഗത്തിന്‍റെ പൂര്‍ണമായ തകര്‍ച്ചയാണ് വരാന്‍ പോകുന്നത്. ഇത് ആദ്യ താക്കീതാണ്. 1991ന് മുതല്‍ സാമ്പത്തിക രംഗം വളന്നത് കയറ്റുമതി അടിസ്ഥാനമാക്കിയല്ല. ഇന്ത്യന്‍ ജനങ്ങളുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് രതിന്‍ റോയ് പറയുന്നു. ഇന്ത്യന്‍ ജനസഖ്യയുടെ പത്ത് കോടി ജനങ്ങള്‍ക്കുള്ള ഉപഭോക്തൃശേഷിയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തിയിരുന്നത്. ഇന്ന് അവര്‍ക്ക് ശേഷി കുറയുകയാണ്. കൂടുതല്‍ പ്രതിസന്ധി അവര്‍ നേരിടുന്നു. ഇതിന്‍റെ ഫലം സാമ്പത്തിക രംഗത്തും പ്രതിഫലിക്കും.

ഇന്ത്യ ദക്ഷിണ കൊറിയയോ ചൈനയോ ആയി മാറില്ല. പകരം ബ്രസീല്‍ പോലെയോ ദക്ഷിണാഫ്രിക്ക പോലെയോ ആയി മാറും. തകര്‍ച്ച പിടിച്ചുവയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്ക് ഇന്ത്യന്‍ സാമ്പത്തിക രംഗം മാറുമെന്നും രതിന്‍ റോയ് പറഞ്ഞു. മധ്യ വരുമാന രാജ്യമായി ഇന്ത്യ മാറും. ദരിദ്ര്യ ജനങ്ങളുടെ എണ്ണം വര്‍ധിക്കും. ഇതാകട്ടെ കുറ്റകൃത്യങ്ങള്‍ പെരുപ്പിക്കും. ഇത്തരം സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം കൂപ്പു കുത്തിയാല്‍ തിരിച്ചുവരവ് പ്രയാസമാണെന്നും രതിന്‍ റോയ് പറയുന്നു.

മധ്യവരുമാന കെണി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇത്തരം സാഹചര്യങ്ങളെ വിളിക്കാറ്. ഇന്ത്യ അതിവേഗം വളരുന്നുവെന്നാണ് ഇതുവരെ സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്നത്. അന്താരാഷ്ട്ര ഏജന്‍സികളും ഇക്കാര്യം സമ്മതിച്ചിരുന്നു. ഇക്കാര്യത്തിലും രതിന്‍ റോയ് വിശദീകരണം നല്‍കി. രാജ്യം 6.1 മുതല്‍ 6.6 ശതമാനം വളരെ വളര്‍ച്ച കൈവരിച്ചിരുന്നു. അത് വലിയ കാര്യം തന്നെ. എന്നാല്‍ ഉപഭോഗം കുറയുന്നത് പ്രതിസന്ധി ഇരട്ടിയാക്കും. വരുന്ന അഞ്ച് ആറ് വര്‍ഷങ്ങള്‍ വരെ ഇന്ത്യയുടെ വളര്‍ച്ച 5-6 ശതമാനമായി നില്‍ക്കും. പിന്നീട് അത് നിലയ്ക്കുമെന്നും രതിന്‍ റോയ് പറഞ്ഞു.

രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയെ കുറിച്ച് താന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മോഡി സര്‍ക്കാരുമായി സംവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

0Shares