മേഘാലയ: ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ‘ലേഡീസ് ക്ലബ്’ ആക്കി മാറ്റിയെന്ന പരാതിയെ തുടര്‍ന്ന് മേഘാലയ ഗവര്‍ണ്ണര്‍ വി. ഷണ്‍മുഖനാഥന്‍ രാജി വച്ചു. രാജ് ഭവനിലെ 98 ജീവനക്കാരാണ് ഗവര്‍ണ്ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയത്. ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് സ്ത്രീകളെ മാത്രമേ നിയമിക്കുന്നുള്ളൂവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

അഭിമുഖത്തിനായി ഗവര്‍ണ്ണര്‍ നേരിട്ടാണ് ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നതും അഭിമുഖം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. ഗവര്‍ണ്ണറുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം രാജ് ഭവനില്‍ നിരവധി ആളുകള്‍ വരുന്നത് സുരക്ഷാ വീഴ്ച്ചയ്ക്ക് കാരണമാകുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സ്ഥാനത്തേക്ക് അഭിമുഖത്തിനെത്തിയ യുവതിയെ ഗവര്‍ണ്ണര്‍ കയറിപ്പിടിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ വി. ഷണ്‍മുഖനാഥന്‍ നിഷേധിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖനാഥന്‍ 2015 ലാണ് മേഘാലയ ഗവര്‍ണ്ണറായി ചുമതലയേറ്റെടുത്തത്.