ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ടെന്നും പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു. 2014 ല്‍ ആണ് കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം സംസ്ഥാനത്തിന് എടുക്കാനാവില്ലെന്നും പ്രധാനമന്ത്രിയെ വധിച്ച കേസാണെന്നും കേന്ദ്രം വാദിച്ചു.
പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തം തടവാക്കി കുറച്ചിരുന്നു. പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുഗന്‍, ശാന്തന്‍ എന്നിവരാണ് 27 വര്‍ഷമായി രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ഭരണഘടനാ ബെഞ്ചാണ് പ്രതികളെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെ അംഗീകരിച്ച് കൊണ്ട് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.രാജീവ് ഗാന്ധി വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി