രാജിവച്ച നടിമാര്‍ക്ക് വഴങ്ങി അമ്മ; നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു

  • Post category:news
  • Reading time:1 min read
You are currently viewing രാജിവച്ച നടിമാര്‍ക്ക് വഴങ്ങി അമ്മ; നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു

കൊച്ചി: അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുമായി താരസംഘടന ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടി ചോദ്യം ചെയ്ത നടിമാരുടെ ആവശ്യങ്ങള്‍ എ.എം.എം.എ കണക്കിലെടുക്കുന്നു. താരസംഘടന അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വിശദീകരിച്ച് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാര്‍ക്ക് കത്തയച്ചു. നടിമാരുടെ രാജി സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിന്റെ പ്രതികരണം. പ്രസിഡന്റ് മോഹന്‍ലാലും കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിവാദം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരസംഘടനയുടെ നീക്കങ്ങള്‍. ദിലീപിനെ തിരിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. നാല് നടിമാര്‍ രാജിവയ്ക്കുകയും മൂന്ന് നടിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. രാജി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിന് പിന്നാലെ സിനിമാ മേഖലയിലെയും രാഷ്ട്രീയ-സാമൂഹിക മേഖലകളിലെയും നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 13, 14 തിയ്യതികളില്‍ യോഗം വിളിക്കാനായിരുന്നു നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടവേളബാബുവിന്റെ മറുപടി കത്തില്‍ പ്രത്യേക തിയ്യതി പറയുന്നില്ല. പകരം അംഗങ്ങളുടെ സൗകര്യം നോക്കി വിളിക്കാമെന്നാണ് അറിയിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തമിഴ് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലാണ്.

0Shares