കര്‍ഷക സമരം രക്ഷയായി; രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സി.പി.എം വിജയിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ഷക സമരം രക്ഷയായി; രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സി.പി.എം വിജയിച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സി.പി.എം വിജയിച്ചു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വിജയിച്ചത്. 28 മണ്ഡലങ്ങളിലാണ് സി.പി.എം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും സി.പി.എമ്മിനായി.ബി.ജെ.പി തൂത്തുവാരിയ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008 ലാണ് സി.പി.എം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വസുന്ധര രാജെ സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സിപിഎം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍. ഇവയില്‍ പല ആവശ്യങ്ങളും വസുന്ധര രാജെ സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു. ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ് സി.പി.എം രാജസ്ഥാനില്‍ ജനപിന്തുണ ഉയര്‍ത്തിയത്. അതേസമയം ഛത്തീസ്ഗഢില്‍ ഒരു സീറ്റില്‍ സി.പി.ഐയ്ക്ക് ജയം. ബാസ്റ്ററിലെ കോണ്ട മണ്ഡലത്തില്‍ സി.പി.ഐയുടെ മനിഷ് കുഞ്ചമാണ് ജയിച്ചത്.

0Shares