രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്ന് 12 വീടുകള്‍ ഒലിച്ചു പോയി’; ആറു മരണം; 22 പേരെ കാണാതായി

  • Post category:news
  • Reading time:1 min read
You are currently viewing രത്‌നഗിരിയില്‍ അണക്കെട്ട് തകര്‍ന്ന് 12 വീടുകള്‍ ഒലിച്ചു പോയി’; ആറു മരണം; 22 പേരെ കാണാതായി

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരി അണക്കെട്ട് തകര്‍ന്ന് 12 വീടുകള്‍ ഒലിച്ചു പോയി. 22 പേരെ കാണാതായിട്ടുണ്ട്. ആറുപേര്‍ മരിച്ചതായാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണ സേന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രളയ സമാനമായ അന്തരീക്ഷമാണ് രത്‌നഗിരിയില്‍. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കനത്തമഴയില്‍ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്.

രത്‌നഗിരി ജില്ലയിലെ ചിപ്ലുന്‍ താലൂക്കിലെ 12 ഓളം വീടുകള്‍ ഒലിച്ചു പോയി 22 പേരെയാണ് കാണാതായത്. കൂടുതൽ ആളുകൾ കുത്തൊഴുക്കിൽപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അണക്കെട്ടിന് വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രത നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല.രാത്രി 10 മണിയോടെ അണക്കെട്ട് തകർന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുൻ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയില്‍ കനത്ത നാശമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 37 പേരാണ് മരിച്ചത്. പലയിടത്തും റെയില്‍പ്പാളങ്ങള്‍ മുങ്ങി. തീവണ്ടി ഗതാഗതം നിലച്ചു. ദീര്‍ഘദൂരവണ്ടികള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. 1975-ന് ശേഷം മുംബൈയില്‍ പെയ്ത കനത്തമഴയാണ് ഇത്.കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ് പുണെയില്‍നിന്ന് തിരിച്ചുവിട്ടു.

ദീര്‍ഘദൂരവണ്ടികള്‍ പലതും മുംബൈയിലേക്ക് എത്താതെ നഗരത്തിനുപുറത്ത് പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേകള്‍ ഉച്ചവരെ അടച്ചിട്ടു. 52 വിമാനങ്ങള്‍ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചു വിട്ടു. ജുഹു എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ സര്‍വീസുകളും റദ്ദാക്കി. കണ്ണൂരില്‍നിന്നു മുംബൈയിലേക്കുള്ള വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. പലഭാഗത്തും വെള്ളം കയറിയതോടെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

0Shares