ഹൈദരാബാദ്: ഇതര ജാതിക്കാരനെ സ്നേഹിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അടിച്ചു കൊന്നു. പിന്ദി അനുരാധ എന്ന 20 വയസുകാരിക്കാണ് ബന്ധുക്കളുടെ ക്രൂരകൃത്യത്തില്‍ ജീവന്‍ നഷ്ടമായത്. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കലമഡുഗു എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഈഗ്രാമത്തിലുള്ള അയ്യൊരു ലക്ഷിരാജം(26) എന്ന ലക്ഷ്മണിനെയാണ് അനുരാധ വിവാഹം ചെയ്തത്. ഇയാള്‍ ഇതര ജാതിക്കാരനായിരുന്നു. അനുരാധ നെയ്ത്തുകാരുടെ വിഭാഗത്തില്‍പ്പെട്ട പദ്മശാലി എന്ന വിഭാഗക്കാരിയും ലക്ഷ്മണ്‍ യാദവ വിഭാഗക്കാരനുമായിരുന്നു. ഇരു ജാതികളും ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവയായിരുന്നു. ഈമാസം മൂന്നിന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. പിന്നീട് ശനിയാഴ്ച ഇരുവരെയും പൊലീസ് സംരക്ഷണത്തില്‍ ലക്ഷ്മണിന്റെ വീട്ടില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ഇവിടെയെത്തിയ അനുരാധയുടെ ബന്ധുക്കള്‍ ലക്ഷമണിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനുരാധയെ ബലം പ്രയോഗിച്ച വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിനു ശേഷം മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലാപൂരിലുള്ളൊരു കുന്നില്‍ കൊണ്ട് പോയി കത്തിച്ചു. ചാരം ഞായറാഴ്ച പുലര്‍ച്ചെ പ്രദേശത്തെ അരുവിയില്‍ ഒഴുക്കിയതായി പൊലിസ് പറയുന്നു. ലക്ഷമണിന്റെ പരാതിയില്‍ പോലീസ് അനുരാധയുടെ മാതാപിതാക്കളേയും സംഭവത്തില്‍ ഉള്‍പ്പെട്ട ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചു; അനുരാധയ്ക്ക് നഷ്ടമായത് സ്വന്തം ജീവന്‍