
തിരുവനന്തപുരം: സ്ഥിരമായി റേഷൻ വാങ്ങാത്തവരുടെ വിഹിതം അർഹതപ്പെട്ടവർക്ക് വീതിച്ചുനൽകാനല്ല പദ്ധതിയുമായി ഭക്ഷ്യ വകുപ്പ്. ഇതിനായി ണ്ടുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻവിഹിതം തടയാൻ ഭക്ഷ്യവകുപ്പിൽ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാർഡ് റദ്ദാക്കില്ല. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 1.55 കോടി പേർക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നൽകുന്നത്. 1.21 കോടി പേർക്ക് രണ്ടുരൂപ നിരക്കിൽ സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ ധാന്യം നൽകുന്നു. ശേഷിക്കുന്നവർക്ക് 8.90 രൂപ നിരക്കിലാണ് അരി നൽകുന്നത്.

അന്ത്യോദയ (മഞ്ഞ) കാർഡിൽ ഉൾപ്പെട്ട 64,000 കുടുംബങ്ങൾക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നൽകുന്നത്. ഇത് വാങ്ങാത്തവരുടെ വിഹിതം മുൻഗണനാ വിഭാഗത്തിൽ ഒന്നാമത് നിൽക്കുന്ന കാർഡുടമയ്ക്ക് നൽകും.മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക്(പിങ്ക് കാർഡ്) കാർഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകും. ഈ വിഭാഗത്തിൽപ്പെട്ടവരെ ഒഴിവാക്കിയാൽ തൊട്ടടുത്ത് പട്ടികയിൽ മുന്നിലുള്ള മുൻഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നൽകും. ഈ വിഭാഗത്തിൽ വാങ്ങാത്തവരുടെ റേഷൻ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് നൽകും.
പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷൻ സ്കൂൾ, ആസ്പത്രി, ജയിൽ എന്നിവർക്ക് നൽകും. മാസം 1.18 ലക്ഷം മെട്രിക് ടൺ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതിൽ 46 ശതമാനം ധാന്യവും സൗജന്യമായി നൽകുന്നതാണ്. ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത്.
