കൊല്ലം: കരുനാഗപ്പള്ളയില്‍ രണ്ടാം ക്ലാസുകാരിയോട് രണ്ടാനമ്മ ചെയ്ത കൊടും ക്രൂരതയായ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. കരുനാഗപ്പള്ളി എല്‍.പി.എസ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ ആണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. അധ്യാപിക ശ്രീജ സ്‌കൂളിന്റെ പേര് കളങ്കപ്പെടുതിയെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലം തഴവയില്‍ നടന്ന സംഭവത്തെ തുടര്‍ന് ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ രണ്ടാനമ്മ നാളുകളായി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തു.
ഒരാഴ്ചയായി സ്‌കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയോടെ അധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കുട്ടിയുടെ പിതാവിന്റെ അറിവോടെ തന്നെ കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമടക്കം രണ്ടാനമ്മ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ എ.ഇ.ഒയെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. അധ്യപികയായ ശ്രീജയുടെ ഇടപെടലുകൊണ്ടാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരിക്കുകയാണ്.