യു.പി.യി.ല്‍ വിരമിച്ച എസ്.ഐ യെ നടുറോഡില്‍ വെച്ച് തല്ലിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing യു.പി.യി.ല്‍ വിരമിച്ച എസ്.ഐ യെ നടുറോഡില്‍ വെച്ച് തല്ലിക്കൊന്നു

ലക്നോ: ഉത്തര്‍പ്രദേശില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ നടുറോഡില്‍ വെച്ച് തല്ലിക്കൊന്നു. എഴുപതുകാരന്‍ അബ്ദുള്‍ സമദാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൂന്നു പേര്‍ ചേര്‍ന്ന് അബ്ദുള്‍ സമദിനെ വടികള്‍ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു. അക്രമികളെ തടയാന്‍ സംഭവം കണ്ടുനിന്ന ആരും മുന്നോട്ട് വന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വില്‍ പതിഞ്ഞിരുന്നു. സൈക്കിളില്‍ പോകുകയായിരുന്ന റിട്ടയേഡ് എസ്.ഐ ആയ അബ്ദുള്‍ സമദിനെ ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് മര്‍ദിച്ചു തുടങ്ങുന്നത്. ഉടന്‍തന്നെ മറ്റു രണ്ടുപേരും കൂടി സമദിനെ മര്‍ദിക്കാന്‍ തുടങ്ങി. എതിര്‍ത്ത സമദിനെ സംഘം ക്രൂരമായി മര്‍ദിച്ചു നിലത്തുവീഴ്ത്തി. മര്‍ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ സമീപത്തെ വീടിന്റെ ടെറസില്‍നിന്ന് അക്രമം വീക്ഷിക്കുന്നതും മറ്റു നിരവധി പേര്‍ സൈക്കിളിലും ബൈക്കിലുമായും വഴിയിലൂടെ കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദനമേറ്റു ചോരവാര്‍ന്ന സമദിനെ വഴിയിലുപേക്ഷിച്ച് അക്രമിസംഘം കടന്നു. ഗുരുതരമായി പരിക്കേറ്റ സമദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജുനൈദ് എന്നയാളാണ് അക്രമി സംഘത്തിന്റെ തലവനെന്നാണു കരുതപ്പെടുന്നത്. ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വസ്തു തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് കരുതുന്നു. പത്തു പേരെ പ്രതികളാക്കി പോലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

0Shares