ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം ജനവിഭാഗം ബി.ജെ.പിയെ ഇത്തരത്തില്‍ ഏകാത്മനാ പിന്തുണയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ ഇവിടെ താളം പിഴച്ചിരിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ എക്കാലവും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ പാടെ ഇളകുകയും അവിടെ ബി.ജെ.പി ചരിത്ര വിജയം നേടുകയും ചെയ്തപ്പോള്‍ സമാജ് വാദി പാര്‍ട്ടിയെ ജനങ്ങള്‍ തൂത്തെറിയുന്ന ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്. സ്വാതന്ത്ര്യലബ്ധി മുതല്‍ കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായിരുന്ന ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ ഇത്തവണ ബഹുജന്‍ സമാജ് പാര്‍ട്ടി പരിപൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. യു.പി തെരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്ന ഒരു സുപ്രധാനകാര്യം അവിടുത്തെ മുസ്ലീം ജനവിഭാഗത്തിന്റെ വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് അങ്ങേയറ്റം പ്രയോജനപ്പെട്ടു എന്ന പരമാര്‍ത്ഥമാണ്. ബി.ജെ.പിക്ക് അനുകൂലമായി മുസ്ലീം ജനവിഭാഗം സര്‍വാത്മനാ നിലപാട് കൈക്കൊണ്ടത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും വര്‍ഗ്ഗീയ ചേരിതിരിവിന് എതിരെ ഉത്തര്‍പ്രദേശ് പ്രതികരിക്കുമെന്ന് കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും മറ്റുള്ളവരും കരുതിയിരുന്നു. എന്നാല്‍ അമിത ആത്മവിശ്വാസം ഉള്ളില്‍ പേറിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കാലിനടിയില്‍ നിന്നും മണ്ണ് ഊര്‍ന്നു പോവുകയായിരുന്നു. സമാജ് വാദി പാര്‍ട്ടിയാകട്ടെ ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ടും പിതൃപുത്ര കലാപ നാടകങ്ങള്‍കൊണ്ടും നിലം പരിശായി. കോണ്‍ഗ്രസ്സുമായി ഒത്തുചേര്‍ന്നുള്ള അവരുടെ സഖ്യവും അതോടെ അപ്രസക്തമായി.

ഈ വലിയ സംസ്ഥാനത്തെ ജനങ്ങളെ പഠിച്ചെടുക്കാനോ വിലയിരുത്താനോ കോണ്‍ഗ്രസ്സിനും സഖ്യകക്ഷിക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതേ സമയം വ്യക്തമായ ആസൂത്രണവും സുശക്തമായ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും യു.പിയിലെ പൊതു സമൂഹത്തെ സ്വാധീനിച്ചപ്പോള്‍ ന്യൂനപക്ഷമായ മുസ്ലീം ജനവിഭാഗവും അത് മുഖവിലയ്ക്കെടുക്കുകയായിരുന്നു. നോട്ട് അസാധുവാക്കലും ബീഫ് പ്രശ്നവും അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇവിടെ സമ്മതിദായരെ തെല്ലും ബാധിച്ചതേയില്ല. ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ന്യൂനപക്ഷ വിഭാഗം ഒരു പക്ഷേ മയങ്ങിപ്പോയിരിക്കാം!. 15 വര്‍ഷം മുമ്പുണ്ടായ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഓര്‍മകളും അയോധ്യയിലെ ബാബറി മസ്ജിദ് തര്‍ക്ക ഭൂമി പ്രശ്നവുമെല്ലാം അവര്‍ വിസ്മരിച്ചതിനു പിന്നില്‍ ഒരു പക്ഷേ ഈ മോദി മാജിക് പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. ബി.ജെ.പി ഭരണത്തില്‍ എത്തിയാല്‍ തങ്ങളുടെ സുരക്ഷിത ജീവിതത്തിന് പോറലേല്‍ക്കില്ല എന്ന ചിന്തയും ഇവരില്‍ അങ്കുരിച്ചിരിക്കാം. അതേസമയം യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നില്‍ വ്യാപകമായ കൃത്രിമം അരങ്ങേറിയിട്ടുണ്ടെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ ആരോപണവും ഇത്തരുണത്തില്‍ ഗൗരവ പൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പിക്ക് വന്‍ വോട്ടുകള്‍ ലഭിച്ചത് വ്യാപകമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് മായാവതി പറയുന്നു. വോട്ടിങ് യന്ത്രം തങ്ങള്‍ക്ക് അനുകൂലമാക്കി കൃത്രിമ മാര്‍ഗത്തിലൂടെ കരസ്ഥമാക്കിയ ഈ വിജയത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുമെന്നും മായാവതി പറഞ്ഞിട്ടുണ്ട്. യു.പിയിലെ ന്യൂനപക്ഷ വിഭാഗം ബി.ജെ.പിയെയും ആര്.എസ്.എസ്സിനെയും സംഘപരിവാറിനെയും ഭയന്നാണ് ഇക്കുറി താമരയ്ക്ക് അനുകൂലമായി മുദ്ര ചാര്‍ത്തിയതെന്നും ചില കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്, ഉത്തര്‍പ്രദേശ് കാവിയില്‍ മുങ്ങിക്കുളിച്ചതിന് പിറകില്‍ ചില കാണാപ്പുറ സത്യങ്ങള്‍ ഉണ്ട്. ഒരു പക്ഷേ വരും ദിനങ്ങളില്‍ ആ പരമാര്‍ത്ഥങ്ങള്‍ മറനീക്കി പുറത്ത് വന്നേക്കാം…