
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുരഭിയെ അവഗണിച്ചതുമായി ബന്ധപ്പെട്ട വിവാദം വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആക്രമിക്കാനും ഉപയോഗിക്കപ്പെടുകയാണ്. സിനിമയില്‍ തലയുയര്‍ത്തി നിന്ന് സ്ത്രീകള്‍ സംസാരിച്ച് തുടങ്ങിയത് ഒട്ടും ഇഷ്ടപ്പെടാത്ത ചില ആണ്‍കൂട്ടങ്ങളാണ് സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് പിസി വിഷ്ണുനാഥും വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ രംഗത്ത് വന്നിരുന്നു. സംഘടനയില്‍ സുരഭിക്ക് വേണ്ടി നിന്നില്ലെന്നും വിമന്‍ ഇന്‍ സിനിമ സെലക്ടീവ് ആണെന്നും വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചു. വിഷ്ണുനാഥിന് മറുപടി നല്‍കിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയാണ്. ഷാഷിന ഫേസ്ബുക്കിലിട്ട തുറന്ന കത്തിലെ വാക്കുകളിലേക്ക്.
വിഷ്ണുനാഥിന് മറുപടി
പ്രിയപ്പെട്ട വിഷ്ണുനാഥ് , താങ്കള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലും നമ്മള്‍ പല വട്ടം കണ്ടിട്ടുണ്ട് .സംസാരിച്ചിട്ടുണ്ട് .പക്ഷേ അതൊന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍ മാത്രം പ്രധാനമായിരുന്നില്ല .താങ്കളെ കുറിച്ച് എന്റെ മനസ്സിലുള്ള ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഒരു സ്ഥിരം സാന്നിധ്യം എന്ന നിലക്കാണ് . ‘കോണ്‍ഗ്രസ്സുകാര് സിനിമയൊക്കെ കാണുമോ ‘ എന്ന എന്റെ ‘ഇടതുപക്ഷ വരേണ്യപൊതുബോധ’ത്തെ തിരുത്തിയത് താങ്കളാണ്. അതിന്റെ സ്നേഹവും ബഹുമാനവും എനിക്കെപ്പോഴുമുണ്ട് . വിമെന്‍ ഇന്‍ സിനിമ എന്ന കളക്ടീവിനെ കുറിച്ച് താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .
ഇത് പ്രതികരണം അര്‍ഹിക്കുന്നു
വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന ,ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറല്‍ ആക്കിയവരില്‍ സ്ത്രീകള്‍ പോലുമുണ്ട് എന്നത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കി . ആ സംഘടന ഉണ്ടായ കാലം മുതല്‍ ,അതിന്റെ പ്രവര്‍ത്തകരെ മുഖമില്ലാത്ത ആണ്‍കൂട്ടങ്ങള്‍ അങ്ങേയറ്റം ഹീനമായ ഭാഷയില്‍ ആക്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ .പക്ഷേ അതൊക്കെ അവഗണനയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല .എന്നാല്‍ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ,ഈ ആണ്‍കൂട്ടത്തോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അര്‍ഹിക്കുന്നുണ്ട്
ആ പതിവ് മേളയിലില്ല
1997 ലെ IFFI മുതല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ .താങ്കളും അങ്ങനെ തന്നെയാണ് എന്നെനിക്കറിയാം .സുരഭിയെ ആദരിച്ചില്ല എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുന്നയിക്കുന്ന പലരും ചലച്ചിത്രമേള ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ എന്ന് സംശയമാണ് .പക്ഷേ ഈ ആക്ഷേപത്തില്‍ യാതൊരു കഴമ്ബുമില്ല എന്ന് മറ്റാരേക്കാളും നന്നായി താങ്കള്‍ക്കറിയേണ്ടതാണ് . യു ഡി എഫിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധി എന്ന നിലയിലും മേളയിലെ ഒരു സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയിലും ഒന്ന് ചോദിക്കട്ടെ ? ദേശീയ അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ നേടുന്നവരെ എപ്പോഴെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദരിച്ചിട്ടുണ്ടോ ? അങ്ങനെയൊരു പതിവുണ്ടോ ? ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .
ആദരിക്കലില്ലാത്തത് മേളയുടെ ഗുണം
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ചലച്ചിത്ര മേളകളില്‍ എപ്പോഴെങ്കിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടുണ്ടോ? അത്തരം പരിപാടികളൊന്നുമില്ല എന്നത് ഈ മേളയുടെ ഒരു വലിയ ഗുണമായാണ് ഞാന്‍ കാണുന്നത് . സാധാരണക്കാരിയായ ഞാനും എം എല്‍ എ ആയ നിങ്ങളും സ്ക്രീനില്‍ നിന്നിറങ്ങി വരുന്ന ‘താരങ്ങളും ‘ ഒക്കെ ഒരു പോലെ ക്യൂ നിന്ന് സിനിമ കാണുന്നയിടമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദി. IFFK യുടെ പ്രേക്ഷകര്‍ സിനിമ കാണാനാണ് വരുന്നത്. താരാരാധന തലയ്ക്കു പിടിച്ചവരല്ല പൊതുവെ IFFK പ്രേക്ഷകര്‍ .
താരങ്ങളെ കാണാന്‍ വരുന്നവരല്ല
താരങ്ങളെ ആദരിക്കുന്നത് പോലുള്ള നീണ്ടു നില്‍ക്കുന്ന മുഷിപ്പന്‍ ചടങ്ങുകളില്‍ വെറും കാഴ്ചക്കാരായി ഇരിക്കാനല്ല IFFK ഡെലിഗേറ്റ്സ് വരുന്നത് എന്നാണ് എന്റെ ബോധ്യം .എന്നിരുന്നാലും ഇത് വരെ ഇല്ലാത്ത ഒരു കാര്യം ഈ വര്‍ഷം ചെയ്യണമെന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് നേരത്തെ കൂട്ടി സര്‍ക്കാരിനോട് അത് ആവശ്യപ്പെടാമായിരുന്നു . അങ്ങനെ ഒരാവശ്യം താങ്കളെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അത്തരത്തില്‍ ഒരു ചടങ്ങ് മേളയില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തയ്യാറാവുമായിരുന്നു എന്നാണു എന്റെ വിശ്വാസം .
സുരഭിക്ക് അറിയാന്‍ വഴിയില്ല
സുരഭി മികച്ച നടിയാണ് .സുരഭിക്ക് അവാര്‍ഡ് കിട്ടിയ ചിത്രം ഞാന്‍ കണ്ടിട്ടില്ല ,പക്ഷേ അവരുടെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ തന്നെ മതി അവരിലെ അഭിനയപ്രതിഭയെ മനസ്സിലാക്കാന്‍. എന്നിരുന്നാലും സുരഭിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ചിലപ്പോള്‍ കാര്യമായി അറിയാന്‍ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് . അവര്‍ മേളക്ക് വരാറില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . അത് കൊണ്ട് തന്നെ , ദേശീയ പുരസ്കാരമോ , മറ്റേതെങ്കിലും പുരസ്കാരമോ കിട്ടിയവരെ ആദരിക്കുന്ന ചടങ്ങൊന്നും മേളയിലുണ്ടാവാറില്ല എന്ന് അവര്‍ക്ക് അറിയാനും വഴിയില്ല. അത് ഒരു തെറ്റല്ല.പാസ്സ് വീട്ടിലെത്തിക്കേണ്ടതില്ല
പക്ഷേ അങ്ങനെ ഒരു പതിവില്ല എന്ന് നന്നായി അറിയാവുന്ന താങ്കള്‍ക്ക് അവരെ ഫോണില്‍ വിളിച്ചു അക്കാര്യം പറയാവുന്നതായിരുന്നു. പക്ഷേ താങ്കള്‍ അതല്ല ചെയ്യുന്നത് എന്നത് നിരാശയുണ്ടാക്കി എന്ന് പറയാതെ വയ്യ. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കണമെങ്കില്‍ സുരഭിയെ പോലെ ഒരാള്‍ക്ക് പാസ്സ് നേരത്തെ പ്രിന്റ് ചെയ്ത് വീട്ടിലെത്തിച്ചു കൊടുക്കുകയൊന്നും വേണ്ട എന്നും താങ്കള്‍ക്ക് നന്നായി അറിയാമല്ലോ. മേള കണ്ടിട്ട് പോലുമില്ലാത്ത സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് അത് അറിയാതിരിക്കുന്നത് സ്വാഭാവികമാണ്.
