കൊച്ചി: രാഷ്ട്രിയ ഉദ്യാഗസ്ഥ ഫാസിസത്തിനെതിരെ ‘നൊസ്സ്’ പാട്ടുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. കൊടും കുറ്റവാളികളെ പോലും ‘മാനസികം’ എന്നപേരില്‍ അനായാസം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുമ്പോള്‍, നിയമങ്ങളെ കാറ്റില്‍പ്പറത്തി ജാതിയുടെയും മതത്തിന്റെയും പേരില്‍ ചെയ്യാത്ത കുറ്റം ചുമത്തപ്പെട്ട് ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്ന നിരപരാധികളെ കുറിച്ചാണ് ‘നൊസ്സ്’ പാട്ടില്‍ ഇവര്‍ വിശദീകരിക്കുന്നത്. ഇന്ത്യയെന്ന മതേതര രാജ്യത്ത് ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്’ എന്നത് മാറി ഒരുകുറ്റവും ചെയ്യാത്തവരെ ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റയും പേരില്‍ ജയിലിലടക്കുന്നതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. ചിലരെ തൃപ്തിപ്പെടുത്താന്‍ ഭരണകൂട ഫാസിസ്റ്റ് ശക്തികള്‍ നിയമത്തെ വളച്ചൊടിച്ച് നിരപരാധിയെ കുറ്റവാളിയാക്കുകയും, കുറ്റവാളിയെ നിരപരാധിയാക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ ഗൂഢനീക്കവും നൊസ്സ് പാട്ടിനൊപ്പം ചിത്രീകരണത്തിലൂടെ ആല്‍ബം നമുക്ക് കാട്ടി തരുന്നു. താടി വെച്ചവന്‍ ഭീകരവാധിയെന്ന ചില ഉദ്യോഗസ്ഥരുടെ തെറ്റായ മനോഭാവമൂലം ‘ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി ശിക്ഷിക്കപ്പെടാന്‍ പാടില്ല’ എന്ന രൂപത്തിലേക്ക് നമ്മുടെ നാടിനെ എത്തിച്ചു എന്നതാണ് ഇതിലെ ഇതിവൃതം. പാട്ടിനൊപ്പം അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ചിത്രം ഒരു പറ്റം ആളുകള്‍ എടുത്തു കാട്ടുന്നതും പാട്ടിന്റെ അവസാന ഭാഗത്ത് പ്രതീദാത്മകമായി അബ്ദുല്‍ നാസര്‍ മഅ്ദനിയെ കാണിക്കുന്നതും നമുക്ക് കാണാനാകും.

പി.സി.എഫ് ജി.സി.സി ആന്‍ഡ് പി.സി.എഫ് പുതുക്കാട് നിര്‍മ്മിച്ച ഈ ഗാനം എഴുതിയതും സംഗീതം നല്‍കി ആലപിച്ചതും വീഡിയോ സംവിധാനം നിര്‍വ്വഹിച്ചതുമൊക്കെ നാസര്‍ മാലിക്കാണ്. ഫസല്‍ ആളൂര്‍ ക്യാമറയും രാജേഷ് രവി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഈ ആല്‍ബം പൂര്‍ത്തീകരിക്കാന്‍ കുറേയേറെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറികടക്കേണ്ടി വന്നതായും പാടാന്‍ ആളുകളെ കിട്ടാത്ത അവസ്ത ഉണ്ടായതായും നാസര്‍ പറയുന്നു.
അഭിനേതാക്കളെയും എളുപ്പം കിട്ടിയില്ല, സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സമീപിച്ച പലരും തയ്യാറായില്ല. യു.എ.പി.എയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞെത്തിയ ജീവ ജനാര്‍ദ്ദനനാണ് സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സംവിധായകന്‍ നാസര്‍ പറയഞ്ഞു. സംശയാസ്പതമായ സാഹചര്യത്തില്‍ ചിലര്‍ പിടിയിലായാല്‍ അവര്‍ക്കെതിരെ ചില കോണുകളില്‍ നിന്ന് ഉയരുന്ന നിര്‍ബന്ധബുദ്ധികാരണം പെട്ടെന്ന് യു.എ.പി.എ കുറ്റം ചുമത്തി വേട്ടയാടപ്പെടുന്ന അവസ്തയാണ് ഇന്ന് നിലവിലുള്ളത്. രാജ്യത്തെ മുസ്ലിങ്ങളും ദളിതരും ആദിവാസികളുമാണ് ഇതില്‍ അധികവും ഇരകളാകുന്നത്. ഈ അനീതിക്ക് എതിരെ എങ്ങിനെ സര്‍ഗാത്മകമായി പ്രതികരിക്കാം എന്നുള്ള വളരെ കാലത്തെ ആലേചനക്കും പരിശ്രമത്തിനും ഒടുവിലാണ് ഇത്തരം ഒരു മ്യൂസിക് ആല്‍ബം ഇറക്കാന്‍ തീരുമാനിച്ചതെന്നും നാസര്‍ വ്യക്തമാക്കുന്നു.