ദുബായ് : ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് യു.എ.ഇ എമിറേറ്റില്‍ പൊതുമേഖലയില്‍ പ്രസവാവധി 90 ദിവസമാക്കി ദുബായ് ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസവകാല രക്ഷയും ശിശു സംരക്ഷണവും കൂടുതല്‍ ഉറപ്പാക്കുകയാണു ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

നിലവില്‍ 60 ദിവസമാണ് പ്രസവാവധി. ജോലിയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ത്രീകള്‍ക്കു പുതിയ ഉത്തരവ് അനുഗ്രഹമാകും. പ്രസവം മുതല്‍ 90 ദിവസമാകും അവധി. ആരോഗ്യസ്ഥിതി അനുസരിച്ചു പ്രസവ തീയതിക്കു 30 ദിവസം മുമ്പേ ലീവെടുക്കാം. വാര്‍ഷികാവധിയോടൊപ്പം ചേര്‍ത്തു പ്രസവാവധി എടുക്കാനും അവസരമുണ്ട്. ശമ്ബളമില്ലാത്ത അവധി എടുക്കാമെങ്കിലും 120 ദിവസത്തില്‍ കൂടാന്‍ പാടില്ല. മാര്‍ച്ച് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു നിയമം നടപ്പാക്കുന്നത്.