യു.എസ് – ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനത്തിന്‍റെ പേരില്‍ 28 ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കന്‍ വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing യു.എസ് – ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനത്തിന്‍റെ പേരില്‍  28  ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കന്‍ വിലക്ക്

ചൈനയിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ നടപടിയുമായി യു.എസ്. ചൈനയിലെ 28 ടെക്‌നോളജി കമ്പനികള്‍ക്ക് യു.എസ് ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തി. വിലക്ക് പ്രകാരം ഈ കമ്പനികള്‍ക്ക് വാഷിംഗ്ടണിന്റെ അനുമതി ഇല്ലാതെ യു.എസിന്‍റെ ടെക്‌നോളജികല്‍ പ്രൊഡക്ട്‌സ് വാങ്ങാന്‍ പറ്റില്ല. ലോകത്ത് തന്നെ ഏറ്റവും കഷ്ടതകള്‍ അനുഭവിക്കുന്ന വിഭാഗമാണ് ഉയിഗുര്‍ മുസ്ലിംകളെന്നും ചൈനീസ് ഭരണകൂടം അവരുടെ സ്വതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും യു.എസ് പറയുന്നു.

നിരോധനം ഏര്‍പ്പെടുത്തിയ, ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ ചൈനയുടെ ഫേസ് റെക്കകിനിഷന്‍, രഹസ്യ നീരീക്ഷണ വിദ്യ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്ന കമ്പനികളാണ്. ഉയിഗുര്‍ മുസ്‌ലിങ്ങളെ ജയിലിലടച്ചതിലും ഇവരെ രഹസ്യ നിരീക്ഷണവലയത്തിലാക്കിയതിലും പ്രധാന പങ്കു വഹിച്ചവരാണ് ഈ കമ്പനികള്‍ എന്നാണ് യു.എസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഉയിഗുര്‍ മുസ്ലിം വംശജര്‍ക്കെതിരായി ചൈനീസ് ഭരണകൂടം നടത്തുന്ന ക്രൂരതകള്‍ക്കെതിരെ 22 രാജ്യങ്ങള്‍ ഒപ്പുവെച്ച പ്രമേയം ഐക്യരാഷ്ട്ര സഭക്ക് കൈമാറാനും അമേരിക്ക നീക്കം നടത്തുന്നുണ്ട്.

ഫേസ് റെക്കകിനിഷന്‍ ടെക്‌നോളജിയിലും രഹസ്യ നിരീക്ഷണ സാങ്കേതികവിദ്യയ്ക്കും പേരുകേട്ട കമ്പനികളായ ഹിക് വിഷന്‍, ദാഹ്വാ ടെക്‌നോളജി, മെഗ്വി ടെക്‌നോളജി, സെന്‍സ് ടൈം എന്നിവയുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ കമ്പനികളിലുണ്ട്.യു.എസ് സര്‍ക്കാരിന്‍റെ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് മെയ് മാസത്തില്‍ ചൈനയിലെ ടെക്‌നോളജി ഭീമനായ ഹുവായ്ക്കും യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉയിഗുര്‍ മുസ്‌ലിങ്ങള്‍ വസിക്കുന്ന സിന്‍ജിങ്കില്‍ നിരവധി നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ ഇതു വരെ കൊണ്ടുവന്നത്.

ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാന്‍ വേണ്ടി പാഠശാലകള്‍ എന്ന പേരില്‍ ജയിലറകളില്‍ അടച്ച നടപടി യു.എന്നിന്‍റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാസി തടവറകള്‍ക്ക് തുല്യമാണ് ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കായുള്ള പാഠശാല എന്നാണ് നേരത്തെ യു.എസ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്.

എന്നാല്‍, ചൈനയില്‍ മതപരമായ വേര്‍തിരിവുകള്‍ ഇല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് ലൂകാങ് അറിയിച്ചു. അമേരിക്ക ചാനയിലെ മതപരമായ പോളിസികളെ കുറിച്ച് മനസിലാക്കാതെയാണ് കുറ്റപ്പെടുത്തലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

0Shares