
യു.എസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. 21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാളസിലെ അലൻ സ്വദേശിയായ പാട്രിക് ക്രൂസിയൻ എന്നയാളാണ് അക്രമി എന്നാണ് റിപ്പോർട്ട്.
എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തിനു പിന്നാലെ പ്രതി പോലീസിൽ കീഴടങ്ങി. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. വളരെ മോശം റിപ്പോർട്ടുകളാണുള്ളതെന്നും നിരവധി പേർ മരിച്ചതായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ടെക്സാസ് ഗവർണറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ടെക്സാസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി. സ്ഥാപനത്തിന്‍റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പോലീസിന്‍റെ കണ്ടെത്തൽ.
യു.എസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരിൽ 2 കുട്ടികളും ഉണ്ടായിരുന്നു.
