ജനീവ: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറല്‍ ആയിരുന്നു ഇദ്ദേഹം. 1938 ല്‍ ഘാനയില്‍ ആണ് ജനിച്ചത്. ജനീവയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് 1972-ല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. 1962-ല്‍ ബജറ്റ് ഓഫീസര്‍ ആയി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലിയില്‍ പ്രവേശിച്ചു.
1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ ഗ്ലോബല്‍ എയിഡ്സ് ആന്‍ഡ് ഹെല്‍ത്ത് ഫണ്ടിന് രൂപം കൊടുത്തതിനാല്‍ ഇദ്ദേഹത്തിന് 2001-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിയമജ്ഞയായ നാനെ അന്നന്‍ ആണ് ഭാര്യ. മക്കള്‍: അമ, കോജോ, നൈന.
യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു