
ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനെ ഭക്തര്‍ കൈകാര്യം ചെയ്തു. ക്ഷേത്രത്തിലെ നടപ്പന്തലിന് അരികിലെ സത്രത്തിന് സമീപം വെച്ച് ഇരുവരും മോശമായി പെരുമാറിയെന്നാണ് പരാതി.

യുവതി ബഹളം വെച്ചതോടെ ക്ഷേത്രത്തില്‍ ഈ സമയമുണ്ടായിരുന്ന അയ്യപ്പഭക്തന്മാരുള്‍പ്പെടെ ഓടിക്കൂടി.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ബോര്‍ഡിന്‍റെ തൃശൂര്‍ ആസ്ഥാനത്തെ ഉദ്യോഗസ്ഥനേയും ഡ്രൈവറേയുമാണ് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ ചേര്‍ന്ന് പൊതിരെ തല്ലിയത്. സംഭവത്തില്‍ എറണാകുളം സ്വദേശിയും പട്ടികജാതിക്കാരിയുമായ യുവതി ദേവസ്വം ബോര്‍ഡിനും പോലീസിനും പരാതി നല്‍കി. പരാതി ലഭിച്ചതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.
ദേവസ്വം വിജിലന്‍സ് പരാതിക്കാരിയില്‍ നിന്നും ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍റെ മുഖത്തും, ഇയാളുടെ ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്.
