പത്തനംതിട്ട: അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്ന സംശയത്തെ തുടര്‍ന്ന് സന്നിധാനത്ത് വന്‍ പ്രതിഷേധം. വലിയനടപ്പന്തലില്‍ വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയുടെ പ്രായം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യം പ്രതിഷേധം ഉണ്ടായത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്.പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറന്നതുമുതല്‍ 7 മണിവരെ സന്നിധാനം ശാന്തമായിരുന്നു. തൃശൂര്‍ സ്വദേശിനിയെ കണ്ടതോടെ അഞ്ഞൂറിലധികം ആളുകള്‍ അവരെ വളയുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി പ്രായം വ്യക്തമാക്കുന്ന രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് സംരക്ഷണയില്‍ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മകന്റെ ചോറൂണ് നടത്താനാണ് ശബരിമലയില്‍ എത്തിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി പോലീസ് ചര്‍ച്ച നടത്തി. പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. നേരത്തെ ദര്‍ശനത്തിനെത്തിയ യുവതിയും കുടുംബവും ആറ് ആന്ധ്രാ സ്വദേശിനികളും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു.
യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്ന് സംശയം ; സന്നിധാനത്ത് വന്‍ പ്രതിഷേധം