
വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ്മേഖല വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം സൗദി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൗദി നേതൃത്വത്തിലുളള സഖ്യം അറിയിച്ചു കഴിഞ്ഞ്. ഹൂതികള്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു.
ഇറാനിയന്‍ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഹൂതികള്‍ അത്യാധുനിക ആയുധങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്ന് സഖ്യത്തിന്‍റെ വക്താവ് തുര്‍ക്കി അല്‍ മാല്‍കി പറഞ്ഞു. അബ എയര്‍പോര്‍ട്ടിലെ എറൈവല്‍ ഹാളില്‍ ഇടിച്ച മിസൈല്‍ സ്ഥലത്ത് കേടുപാടുകളുണ്ടാക്കിയിട്ടുണ്ട്. മൂന്ന് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സൗദി, യെമന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരുക്കേറ്റതെന്നും സഖ്യം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണം യുദ്ധകുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ഇറാനില്‍ നിന്നാണ് ഹൂതികള്‍ ആധുനിക ആയുധങ്ങള്‍ നേടിയത്. ഇവര്‍ക്ക് തക്കസമയത്ത് മറുപടി നല്‍കുമെന്നും സഖ്യം ഉറപ്പു നല്‍കി.

നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്‍റെ പടിഞ്ഞാറന്‍ ഭാഗത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദ്രബ്ബു മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്.
വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്. യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് യു.എന്‍ പറയുന്നത്. 65% മരണങ്ങളുമുണ്ടായത് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ്.
