യാത്രക്കാര്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് റെയില്‍വേ; അറ്റകുറ്റപ്പണി കാരണം തീവണ്ടികളുടെ വൈകിയോട്ടവും റദ്ദാക്കലും മാര്‍ച്ചുവരെ തുടരും

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാര്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് റെയില്‍വേ; അറ്റകുറ്റപ്പണി കാരണം തീവണ്ടികളുടെ വൈകിയോട്ടവും റദ്ദാക്കലും മാര്‍ച്ചുവരെ തുടരും

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് വീണ്ടും റെയില്‍വേ എട്ടിന്റെ പണി കൊടുത്ത് തുടങ്ങി. റെയില്‍പ്പാളങ്ങളിലെ അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് തീവണ്ടിഗതാഗതത്തിലെ അനിശ്ചിതാവസ്ഥ മാര്‍ച്ചുവരെ തുടര്‍ന്നേക്കും. ഇതോടെ തിരുവനന്തപുരം-കായംകുളം പാതയില്‍ രാത്രിവണ്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പാളങ്ങളും സ്ലീപ്പറുകളും മാറ്റാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിയിട്ടുണ്ട്. റെയിലുകളും സ്ലീപ്പറുകളും മാറ്റാന്‍കഴിയുന്ന ട്രാക്ക് റീലേയിങ് ട്രെയിന്‍ (ടി.ആര്‍.ടി.), പാളങ്ങള്‍ ഉയര്‍ത്തി അടിയിലെ മണ്ണുമാറ്റുന്ന ബല്ലസ്റ്റ് ക്ലീനിങ് മെഷീന്‍, പാളങ്ങള്‍ ഗതാഗതയോഗ്യമാക്കാന്‍ ഉപയോഗിക്കുന്ന ഡൈനാമിക് ട്രാക്ക് സ്റ്റെബിലൈസിങ് മെഷീന്‍, കണ്ടിന്യൂസ് ആക്ഷന്‍ ടാമ്പിങ് മെഷീന്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യാധ്വാനത്തിന്റെ നാലിരട്ടി വേഗത്തില്‍ ജോലിനടക്കുമെങ്കിലും അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് മൂന്നുമുതല്‍ അഞ്ചുമണിക്കൂര്‍വരെ ഗതാഗതം നിര്‍ത്തേണ്ടിവരുമെന്നതാണ് ഇതിന്റെ ന്യൂനത. ഒറ്റവരിപ്പാതകളില്‍ യന്ത്രവത്കൃത അറ്റകുറ്റപ്പണി ആരംഭിക്കുമ്പോള്‍ യാത്രാക്ലേശം രൂക്ഷമാകാനിടയുണ്ട്. കായംകുളം-കൊല്ലം ഇരട്ടപ്പാതയില്‍ കഴക്കൂട്ടം-കൊച്ചുവേളി ഭാഗത്താണ് ഇപ്പോള്‍ പാളംമാറ്റല്‍. കൊല്ലം-കായംകുളം പാതയില്‍ അടുത്തയാഴ്ച ഡീപ് സ്‌ക്രീനിങ് നടക്കും. കായംകുളംവരെയുള്ള അറ്റകുറ്റപ്പണികള്‍ ജനുവരിക്കുള്ളില്‍ പൂര്‍ത്തീകരിക്കും. ശബരിമല പ്രത്യേക തീവണ്ടികള്‍ കഴിഞ്ഞാല്‍ എറണാകുളം- ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങും. വൈകീട്ടും രാവിലെ നാലിനും ഏഴിനും ഇടയ്ക്കുമാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ തീവണ്ടികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോഴിക്കോട്- കണ്ണൂര്‍ പാതകളിലെ അറ്റകുറ്റപ്പണികളെ കുറിച്ച് വ്യക്തമാക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല.

0Shares