
മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ഇരുസംസ്ഥാനത്തും വ്യക്തമായ ലീഡുമായി ബി.ജെ.പിനയിക്കുന്ന എൻ.ഡി.എ മുന്നേറുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെക്കും വിധമാണ് എൻ.ഡി.എയുടെ മുന്നേറ്റം. മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ ആരംഭിച്ച 156 മണ്ഡലങ്ങളിൽ 107ലും ബി.ജെ.പി-ശിവസേന സഖ്യം ലീഡ് ചെയ്യുകയാണ്. യു.പി.എ 43 ഇടങ്ങളിൽ മാത്രമാണ് മുന്നിലുള്ളത്. മറ്റുള്ളവർ അഞ്ചിടത്തും മുന്നിലുണ്ട്.

ഹരിയാനയിൽ ബി.ജെ.പി 46 മണ്ഡലങ്ങളിൽ മുന്നിലുണ്ട്. കോൺഗ്രസിന് 11 ഇടങ്ങളിലാണ് ലീഡ്. പോളിംഗ് ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകൾ പ്രകാരം ഹരിയാനയിൽ ബി.ജെ.പിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്.
18 സംസ്ഥാനങ്ങളിലെ 49 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ സത്താറ, ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
