ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നപടി സ്വീകരിച്ചത്. ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യവസായ പ്രമുഖനാണ് മല്യ.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി നടപടി സ്വീകരിച്ചത്. കോടതി പിടികിട്ടാപുള്ളിയായിപ്രഖ്യാപിച്ചതിനെ തുടർന്ന് അന്വേഷണ ഏജന്‍സിക്ക് മല്യയുടെ എല്ലാ വസ്തുവകകളും കണ്ടുകെട്ടാം. കര്‍ണാടകയിലേയും ബ്രിട്ടണിലേയും അടക്കം വസ്തുവകകള്‍ കണ്ടുകെട്ടുമെന്നാണ് വിവരം. ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനെതിരെ മല്യ നല്കിയ അപേക്ഷ കോടതി തള്ളിയിരുന്നു.