മോഹന്‍ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; പിണറായി സര്‍ക്കാരിനെ കുടുക്കാന്‍ സംഘപരിവാര്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കി; കേസ് അവസാനിപ്പിക്കാനൊരുങ്ങി കേരളാ സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; പിണറായി സര്‍ക്കാരിനെ കുടുക്കാന്‍ സംഘപരിവാര്‍ എല്ലാ നടപടിയും പൂര്‍ത്തിയാക്കി; കേസ് അവസാനിപ്പിക്കാനൊരുങ്ങി കേരളാ സര്‍ക്കാര്‍

പാലക്കാട്: ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍. എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയതിന് പിന്നാലെ, കേസും വിവാദവും എങ്ങിനെയെങ്കിലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാലക്കാട്‌ കര്‍ണകിയമ്മന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിലാണ് മോഹന്‍ ഭാഗവതിനെ തടഞ്ഞത്. തലേദിവസം അര്‍ദ്ധരാത്രി ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലാണ് കര്‍ണകിയമ്മന്‍ സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതും ഭാഗവതിനെ തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതും. എന്നാല്‍ പിറ്റേന്ന് മുന്‍ നിശ്ചയപ്രകാരം ഭാഗവത് വരികയും പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

പതാക ഉയര്‍ത്തല്‍ വിവാദം വന്നപ്പോള്‍ ഭാഗവതിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കേസ് എടുക്കാന്‍ വകുപ്പില്ലാ എന്ന് പൊലീസ് അറിയിച്ചു. ഇതിനിടയില്‍ സമാന്തരമായി സംഘപരിവാര്‍ കേന്ദ്ര നേതാക്കളുടെയും കേന്ദ്ര ഭരണത്തിന്റെയും ഉപദേശം തേടി.ഫ്ലാഗ് കോഡ് അനുസരിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം തൃശൂരിലെ എയിഡഡ് സ്കൂളില്‍ ഒരു ബിഷപ്പാണ് പതാക ഉയര്‍ത്തിയത്. ആ വിവരം ശേഖരിച്ചു. ദൃശ്യങ്ങള്‍ ശേഖരിച്ചു. പട്ടാമ്പിക്കപ്പുറം വല്ലപ്പുഴയില്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയത് ഒരു സി. പി. എം ലോക്കല്‍ സെക്രട്ടറിയാണ്. ആ വിവരങ്ങളും ശേഖരിച്ചു. ഇതെല്ലാം സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിനു വിരുദ്ധമായിരുന്നു. ജില്ലാ കലക്ടര്‍ മേരിക്കുട്ടിയെയും മറ്റു ഉദ്യോഗസ്ഥരെയും പ്രതിയാക്കി ഫ്ലാഗ് കോഡ് ലംഘനം ആരോപിച്ച് സി. ജെ. എം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള ഡ്രാഫ്റ്റ് വരെ സംഘപരിവാര്‍ തയ്യാറാക്കി.

പൊതു പ്രവര്‍ത്തകരെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞു എന്നാണു പരാതി. ഇത് രഹസ്യമായി അറിഞ്ഞ സര്‍ക്കാര്‍ ഭരണതലത്തിലെ ഉന്നതന്‍ കേന്ദ്ര ആര്‍. എസ്എസ് നേതാക്കളുമായി ബന്ധപ്പെടുകയും മോഹന്‍ ഭാഗവത് പ്രശ്നത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നില്ല.നിങ്ങളും പ്രശ്നങ്ങള്‍ക്ക് ഇല്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് മാത്രം പറഞ്ഞു. ഇങ്ങിനെ വിവാദം എങ്ങുമെത്താതെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

0Shares