
മംഗലാപുരം: വളരെ വിചിത്രമായ ഒരു മോഷണമാണ് കഴിഞ്ഞ ദിവസം മംഗലാപുരത്തുനടന്നത്. തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം കള്ളൻ തിരികെ നൽകി എന്ന് മാത്രമല്ല, കൂടെ സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ഒരു ഉപദേശവും കത്തായി എഴുതി നൽകി. മംഗലുരു അഡുമരോളിയില്‍ ശേഖര്‍ കുന്ദറിന്റെ വീട്ടിലായിരുന്നു ശനിയാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നത്. ഭാര്യ തിലോത്തമ്മയുടെ 100 പവന്‍ സ്വര്‍ണ്ണവും 13,000 രൂപയുമായിരുന്നു മോഷ്ടിക്കപ്പെട്ടത്. പിറ്റേന്ന് ബൈക്കില്‍ എത്തിയ കള്ളന്‍ സ്വര്‍ണ്ണം വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. പണം മോഷ്ടാവ് സ്വന്തമാക്കി.

മഴയായിരുന്നതിനാല്‍ മോഷണം നടന്നത് അടുത്ത വീട്ടിലെ ആള്‍ക്കാര്‍ അറിഞ്ഞിരുന്നുമില്ല. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരംശേഖറും ഭാര്യയും അറിഞ്ഞത്. പണവും സ്വര്‍ണ്ണവും പോയ ദു:ഖത്തില്‍ രണ്ടു ദിവസം ഇരുന്ന ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മുറ്റത്ത് എന്തോ വന്നു വീണ ശബ്ദം കേട്ട് വാതില്‍ക്കലേക്ക് ഓടിയെത്തിയ വീട്ടുകാര്‍ കണ്ടത് നഷ്ടമായ സ്വര്‍ണ്ണം ഉള്‍പ്പെട്ട പൊതിയായിരുന്നു. കൂട്ടത്തില്‍ സ്വര്‍ണ്ണം ലോക്കറില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപദേശിച്ച് ഒരു കത്തും ഒപ്പമുണ്ടായിരുന്നു.
