
ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം എന്തുകൊണ്ട് വലിയ പരാജയമായി മാറി എന്നതിന് വ്യക്തമായ കാരണങ്ങള്‍ സഹിതം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (ബി. ബി. സി ) റിപ്പോര്‍ട്ട്. നോട്ട് നിരോധന പരിപാടി തുടങ്ങിയ ശേഷം എത്ര രൂപയുടെ കള്ളപ്പണം കറന്‍സി നോട്ടുകളായി പിടിച്ചെടുത്തു എന്നത് സംബന്ധിച്ച് യാതൊരു കണക്കുമില്ല. 2016 ഡിസംബര്‍ 16ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മറുപടിയില്‍ ഇതിന് വ്യക്തതയുണ്ടായിരുന്നില്ല. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് സൂചിപ്പിക്കുന്നത് അഞ്ച് ശതമാനം പേര്‍ മാത്രമേ കറന്‍സി നോട്ടുകളായി കള്ളപ്പണം സൂക്ഷിക്കുന്നുള്ളൂ എന്നാണ്. സര്‍ക്കാര്‍ രേഖകളുടെ കാര്യം ഇതാണെങ്കിലും മോദി സര്‍ക്കാരിനെ ന്യായീകരിക്കുന്നതിന് പല സാമ്പത്തിക വിദഗ്ധര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം നിഗമനങ്ങളിലെത്തിയതെന്ന് അറിയില്ലെന്ന് ബി. ബി. സി പറയുന്നു.
നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന നയപരിപാടികളില്‍ ഒന്നായിരുന്നു. ജൂണ്‍ 30 വരെ ഏതാണ്ട് 15.49 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അതായത് 99 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി. കള്ളപ്പണം ബാങ്കുകളിലെത്തി എന്ന് വേണം മനസിലാക്കാന്‍. സര്‍ക്കാരിന്റെ അവകാശവാദം പോലെ ഒന്നും നശിപ്പിക്കപ്പെട്ടില്ല. കള്ളപ്പണം കൈവശമുള്ളവര്‍ മറ്റുള്ളവര്‍ വഴി വിതരണം ചെയ്ത് അത് ബാങ്കിലെത്തിച്ചു. കള്ളനോട്ടുകള്‍ പിടിക്കുന്ന കാര്യത്തിലും ഒന്നും സംഭവിച്ചില്ല. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ 500, 1000 രൂപകളുടെ 5,73,891 കള്ളനോട്ടുകള്‍ കണ്ടെത്തിയതായാണ് ആര്‍. ബി. ഐ പറയുന്നത്. ബാങ്കില്‍ നിന്ന് പിന്‍വലിച്ചത് 24.02 ബില്യണ്‍ നോട്ടുകള്‍. ഇതിന് തൊട്ടുമുമ്പുള്ള വര്‍ഷം 4,04,794 കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. നോട്ട് നിരോധനമൊന്നും ഇല്ലാതെയാണ് ഇത്. നോട്ട് നിരോധന പരിപാടി തുടങ്ങിയ ശേഷം എത്ര രൂപയുടെ കള്ളപ്പണം കറന്‍സി നോട്ടുകളായി പിടിച്ചെടുത്തു എന്നത് സംബന്ധിച്ച് യാതൊരു കണക്കുമില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.
അസംഘടിത മേഖലയിലെ രണ്ടര ലക്ഷം ഉല്‍പ്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടി. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം നിരവധി തൊഴില്‍ നഷ്ടമുണ്ടായി. കറന്‍സി നോട്ടുകളുടെ വിനിമയത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാര്‍ഷികമേഖല ദുരിതത്തിലായി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധ രംഗത്തിറങ്ങി. പല സംസ്ഥാന സര്‍ക്കാരുകളും കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി. വലിയ കറന്‍സി ക്ഷാമമാണ് ഉണ്ടായത്. എ. ടി. എമ്മില്‍ നിന്ന് പണം കിട്ടാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നവരില്‍ പലരും കുഴഞ്ഞുവീണ് മരിച്ചു. മോദി സര്‍ക്കാര്‍ തെറ്റ് സമ്മതിക്കാന്‍ പോകുന്നില്ല. അവര്‍ ഇതുവരെ ചെയ്തത് പോലെ ഇനിയും ന്യായീകരിച്ചുകൊണ്ടിരിക്കും. ഇതുവരെ ആരും ചെയ്യാത്ത രീതിയില്‍ നടപ്പാക്കിയ ഈ പരിപാടിയുടെ ദുരിതങ്ങള്‍ ഇനിയും അനുഭവിക്കാന്‍ ബാക്കിയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
