മലപ്പുറം: ദേശീയതലത്തില്‍ ബി.ജെ.പി ഉണ്ടാക്കിയ വലിയ മുന്നേറ്റവും മോദി എഫക്ടും മലപ്പുറത്ത് ഉണ്ടാക്കാനാവാത്തത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകളില്‍ വലിയമുന്നേറ്റമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം. എങ്കില്‍ 2014 ല്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് നിലനിര്‍ത്തുക മാത്രമാണ് ബി.ജെ.പി ചെയ്തത്. ഇത് കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്ന മുന്നോട്ടുള്ള ചുവടുവെപ്പിന് വലിയ നിരാശ പകര്‍ന്നതാണ്. കേരളത്തില്‍ ഭരണം പിടിക്കുക എന്ന ഉദ്ദേശത്തോടു കൂടി കരുക്കള്‍ നീക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളത്തിനോട് പ്രത്യേക താത്പര്യം കാണിക്കുന്നുണ്ടെങ്കിലും സമീപകാലത്ത് കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യവും, കൊലപാതകവും ബി.ജെ.പിക്ക് തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബീഫ് വിഷയവും, കെ. സുരേന്ദ്രന്‍ നടത്തിയ വെല്ലുവിളിക്കും മലപ്പുറം ബി.ജെ.പിയെ അകറ്റി നിര്‍ത്തുകയാണുണ്ടായത്. ഇത് കേരളം ബി.ജെ.പിക്ക് നല്‍കുന്ന മുന്നറയിപ്പ് കൂടിയാണ്. മലപ്പുറം തിരഞ്ഞെടുപ്പിലൂടെ എല്‍.ഡി.എഫിന് വോട്ട് വര്‍ദ്ധിപ്പിക്കാനായെങ്കിലും ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നതായും വിജയിച്ച സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നതായും ഫലം ഉള്‍ക്കൊള്ളുന്നതായും ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.