
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റിവെച്ച് ഡല്‍ഹി ഹൈക്കോടതി. അഞ്ചാം തവണയാണ് കോടതി കേസ് മാറ്റിവെയ്ക്കുന്നത്. ഏപ്രില്‍ 15ലേക്കാണ് ഇത്തവണ കേസ് മാറ്റിവെച്ചിരിക്കുന്നത്. ഇത്തവണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാദം നീട്ടിവെച്ചിരിക്കുന്നത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978ല്‍ ബി.എ ബിരുദം നേടി എന്നാണ് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. ഇത് സത്യമാണോ എന്നറിയാന്‍ ആ വര്‍ഷത്തെ സര്‍വകലാശാലയുടെ ബി.എ ഡിഗ്രി റെക്കോര്‍ഡുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്. 2017 ജനുവരി 23-ന് ശേഷം കോടതി കേസ് പരിഗണിച്ചത് 2017 ഏപ്രില്‍ 27-നായിരുന്നു.

അന്ന് ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2017 നവംബര്‍ 16ലേക്ക് കോടതി കേസ് മാറ്റി വെച്ചു. എന്നാല്‍ ഈ സമയത്ത് മറുസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് കോടതി സര്‍വകലാശാലയ്ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു.
തുടര്‍ന്ന് പലവിധ കാരണങ്ങളാല്‍ കോടതിയില്‍ ഈ കേസില്‍ വാദം കേള്‍ക്കല്‍ നടന്നില്ല. തുടര്‍ന്ന് 2019 ഫെബ്രുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. തുടര്‍ന്ന് കേസില്‍ അന്തിമ വാദം 2019 ഏപ്രില്‍ 23ന് നടക്കുമെന്ന് കോടതി അറിയിച്ചെങ്കിലും ഇതിന് ശേഷം നാല് തവണ കോടതി ഇക്കാര്യം മാറ്റിവെച്ചു. ഇത്തരത്തില്‍ രണ്ടുതവണ മാറ്റിവെച്ചതിന് കാരണം സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതായിരുന്നു. ഇതില്‍ 2019 നവംബര്‍ 28 ന് കേസ് മാറ്റിവെച്ചതിന് കാരണം കോടതി വ്യക്തമാക്കിയിട്ടുമില്ല. തുടര്‍ന്നാണ് 2020 ജനുവരി 28ലേക്ക് കേസ് മാറ്റിവെച്ചത്.
എങ്കിലും സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനാല്‍ ഇത്തവണയും വാദം കേള്‍ക്കുന്നത് മാറ്റുകയായിരുന്നു. ഹര്‍ജിക്കാര്‍ ഇത്തവണ നിര്‍ബന്ധമായും വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജസ്റ്റിസ് ജയന്ത് നാഥിന്‍റെ സിംഗിള്‍ ബെഞ്ചിന്‍റെ പരിഗണനയിലാണ് കേസ്.
