വാരണാസി: വസ്ത്രവ്യാപാരിയുടെ സാരി തന്ത്രം..വെറൈറ്റി സാരി പോലും ഇപ്പോള്‍ മോദി മയം!. നോട്ടുനിരോധനത്തോടനുബന്ധിച്ച് സ്റ്റാറായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നു പുതിയൊരു വിപണന തന്ത്രത്തിന്റെ വാര്‍ത്ത. വെറും 160 രൂപ മുടക്കിയാല്‍ ‘2000 രൂപയുടെ സാരി’! എന്നാല്‍ പക്ഷെ ഇത് രണ്ടായിരം രൂപയുടെ സാരിയല്ല. നോട്ടുനിരോധനത്തിനു ശേഷം പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന്റെ ചിത്രം അച്ചടിച്ചിട്ടുള്ള സാരിയാണ് സൂററ്റിലെ ഒരു വസ്ത്രവ്യാപാരി പുറത്തിറക്കിയിട്ടുള്ളത്.

ആറുമീറ്റര്‍ നീളം വരുന്ന ‘വെറൈറ്റി സാരി’യില്‍ 2000 ത്തിന്റെ 504 നോട്ടുകളാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. വിപണിയില്‍ എന്നും പുതുമയ്ക്കാണു ഡിമാന്റ്. ആ നിലയ്ക്ക് എന്തെങ്കിലും വ്യത്യസ്ത ആശയം വേണമല്ലോയെന്ന ആലോചനയിലാണ് 2000 രൂപ സാരിയുടെ പിറവിയെന്നു ഇതിന്റെ ഉപജ്ഞാതാവായ ശിവ് ഷൈനി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മോദിജിയുടെ മുഖം അച്ചടിച്ചുള്ള സാരിയാണു ഇറക്കാന്‍ പോകുന്നതെന്നാണ് ശിവ് ഷൈനി പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലാണ് ‘2000 രൂപ സാരിക്ക്’ കൂടുതല്‍ ഡിമാന്‍ഡെന്ന് ഷൈനി പറയുന്നു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഓര്‍ഡറുകളാണ് സാരിക്കു വരുന്നതത്രെ. നേരത്തെ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള സാരി ചിലയിടങ്ങളില്‍ ഇറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ നോട്ടുനിരോധന നടപടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചപ്പോള്‍ പലരും ഇത്തരം വെറൈറ്റികള്‍ പയറ്റി തങ്ങളുടെ കച്ചവടരംഗം കൊഴുപ്പിക്കുകയാണെന്നതിനുള്ള പുതിയ ഉദാഹരണമാണ് സൂററ്റില്‍ നിന്നുള്ള ഈ പുത്തന്‍ ഫേഷന്‍ സാരി.