
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സഹായിക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനം എന്ന് ആരോപിച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച 66 ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, ഡല്‍ഹി മുന്‍ ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ജൂലിയോ റിബേറോ, വാപ്പാല ബാലചന്ദ്രന്‍, ആസൂത്രണ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന എന്‍സി സക്‌സേന തുടങ്ങിയവരാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.
പ്രധാനമന്ത്രി മോഡിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ യാതൊരു നടപടിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. അഞ്ച് പേജുള്ള കത്ത് മോദിയുടെ വിവിധ ചട്ടലംഘനങ്ങളും അതിനോടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണങ്ങളും ചൂണ്ടിക്കാട്ടുന്നു. മോഡിയുടെ ജീവചരിത്ര സിനിമ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞില്ല. ഇത് പിന്‍വാതിലിലൂടെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഒരു പബ്ലിസിറ്റി തന്ത്രമായിട്ട് കൂടി.

മോഡിയെക്കുറിച്ചുള്ള വെബ് സീരിസ് തടഞ്ഞില്ല. ഇത് എറോസ് നൗ സംപ്രേഷണം ചെയ്യാനിരിക്കുകയാണ്. നമോ ടി.വി യാതൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയിലെ വാര്‍ധയിലടക്കം മോഡി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയുണ്ടായില്ല. ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്ന വര്‍ഗീയ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്.
ഇതിന് ശേഷം ഏപ്രില്‍ ആറിന് മഹാരാഷ്ട്രയിലെ നാന്ദഡിലും മോഡി സമാനമായ പ്രസംഗം നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ കമ്മീഷന്‍ ഒന്നും ചെയ്തില്ല. ബലാകോട്ട് വ്യോമാക്രമണവും പുല്‍വാമ ഭീകരാക്രമണവും പറഞ്ഞ് മോഡി വോട്ട് തേടി. ഇതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിച്ചു. മോഡി സേന പോലുള്ള കാര്യങ്ങള്‍ പറഞ്ഞ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനകളില്‍ നടപടിയെടുത്തില്ല.
