മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു; എല്ലാ ഉപഭോക്താക്കളും   ഫെബ്രുവരി ആറിന് മുന്‍പായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു; എല്ലാ  ഉപഭോക്താക്കളും   ഫെബ്രുവരി ആറിന് മുന്‍പായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും മൊബൈല്‍ നമ്പര്‍ആധാറുമായി 2018 ഫെബ്രുവരി ആറിന് മുന്‍പായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനോട് വിശദീകരണം തേടിയത്. അഡ്വ. സൊഹേബ് ഹൊസൈന്‍ വഴിയാണ് 113 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സ്വകാര്യത മൌലികാവകാശമാണെന്ന വിധിയുടെ പശ്ചാത്തലത്തില്‍, ആധാറിന്റെ ഭരണഘടന സാധുത പരിശോധിക്കുന്ന ഭരണഘടന ബെഞ്ച് അടുത്ത മാസം വാദം കേള്‍ക്കല്‍ ആരംഭിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നതാണ് ഹരജികളിലെ ആവശ്യം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെ ആണ് സംരക്ഷിക്കുന്നതെന്നും ഇതുവരേയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗ്-സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അതേസമയം മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണം. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കുമെന്നും കോടതി പറഞ്ഞു. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും 2018 ഫെബ്രുവരി 6ന് മുമ്ബായി ആധാറും മൊബൈല്‍ നമ്ബറും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

0Shares