മൊട്ടയടിക്കുന്നതിന് നിര്‍ബന്ധിച്ച് ബാര്‍ബര്‍മാര്‍ പണം വാങ്ങുന്നു; തിരുപ്പതി ക്ഷേത്രത്തിലെ 243 മുടിവെട്ട് തൊഴിലാളികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

  • Post category:news
  • Reading time:2 mins read
You are currently viewing മൊട്ടയടിക്കുന്നതിന് നിര്‍ബന്ധിച്ച് ബാര്‍ബര്‍മാര്‍ പണം വാങ്ങുന്നു; തിരുപ്പതി ക്ഷേത്രത്തിലെ 243 മുടിവെട്ട് തൊഴിലാളികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ഹൈദരാബാദ്: തീര്‍ത്ഥാടകരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങിയതിനെ തുടര്‍ന്ന് തിരുമല തിരുപ്പതിക്ഷേത്രത്തിലെ മുടിവെട്ടു ജീവനക്കാര്‍ക്കെതിരെ നടപടി. ക്ഷേത്ര ചട്ടം ലംഘിച്ച 243 ജീവനക്കാരെ ക്ഷേത്രത്തിലെ മുടിവെട്ട് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. തിരുമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ മുടി മുറിക്കുന്നതിന് ബാര്‍ബര്‍മാര്‍ പണം ഈടാക്കുന്നുവെന്നായിരുന്നു ആരോപണത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ജോലിയില്‍ നിന്നും പിരിച്ചു വിടുന്നുവെന്ന് കാണിച്ച് ഇവര്‍ക്ക് ക്ഷേത്ര അധികാരികള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജോലിക്കാര്‍ ക്ഷേത്രം ഭാരവാഹി ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തി. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുടിവെട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പ്രതിദിനം 60,000-70,000 വരെ തീര്‍ത്ഥാടകരാണ് തിരുമലയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ആഘോഷ-അവധി ദിവസങ്ങളില്‍ ഇത് ഒരു ലക്ഷം വരെ വര്‍ധിക്കാറുണ്ട്. തിരുമല വെങ്കിടേശന്റെ ദര്‍ശത്തിനെത്തുന്നതില്‍ 70 ശതമാനം പേരും മുടി മൊട്ടയടിച്ചു കൊണ്ടാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക. തീര്‍ത്ഥാടകരില്‍ പലരും മുടി മുറിക്കാമെന്ന നേര്‍ച്ചയോടു കൂടിയാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. ക്ഷേത്രത്തില്‍ 943 തൊഴിലാളികളാണ് മുടിവെട്ട് ജീവനക്കാരായി ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും കരാര്‍ തൊഴിലാളികളാണ്.പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് തീര്‍ത്ഥാടകരില്‍ നിന്നും ഇവര്‍ ഈടാക്കുന്നത്. പണം വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ ക്ഷേത്രം ഭരണസമിതി നടപടി സ്വീകരിച്ചത്. കല്ല്യാണ്‍ കട്ടയിലെ സിസിടിവി ദൃശ്യങ്ങടക്കം ക്ഷേത്രം ഭരണസമിതി എക്‌സിക്യൂട്ടീവ്, വിജിലന്‍സ് സംഘവും പരിശോധിച്ച് സംഭവം ഉറപ്പിച്ചശേഷമാണ് നടപടി. പണം വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നടപടി നേരിട്ട ജീവനക്കാരെ ക്ഷേത്രം നേരിട്ട് നിയമിച്ചതല്ല. പത്ത് രൂപ വീതം ആളുകളില്‍ നിന്നും തൊഴിലാളികള്‍ വാങ്ങുന്നുണ്ടെന്ന് തെളിഞ്ഞു. മൂന്ന് തവണ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികള്‍ പണം വാങ്ങുന്നത് തുടര്‍ന്നു. അതുകൊണ്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ക്ഷേത്രം ഭരണസമിതി പറഞ്ഞു. അതേസമയം തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തീര്‍ത്ഥാടകര്‍ സ്വമേധയാ ദക്ഷിണയായി പണം തരുന്നതാണെന്നുമാണ് ജീവനക്കാരുടെ വാദം. ഇതിനെ എങ്ങനെ കൈക്കൂലിയായി കണക്കാക്കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.

0Shares