‘മേലാവി’യെന്ന പദം ഇ.പി ജയരാജന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന-കാനം രാജേന്ദ്രന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ‘മേലാവി’യെന്ന പദം ഇ.പി ജയരാജന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന-കാനം രാജേന്ദ്രന്‍.

തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന റവന്യു വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കി സി.പി.ഐ നേതൃത്വം. കൈയ്യേറ്റത്തില്‍ സി.പി.ഐക്ക് ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നും അതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും കാനം രാജേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാനം രാജേന്ദ്രന്റെ നിലപാട്. അഭിപ്രായ വ്യത്യാസങ്ങള്‍ സി.പി.എമ്മുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ദേശീയ തലത്തില്‍ വരെ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ‘മേലാവി’യായി കാനം രാജേന്ദ്രനെ ആരും ചുമതലപെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഇ.പി.ജയരാജനെയും കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മേലാവിയെന്ന പദം മലയാളം ഭാഷയ്ക്ക് ജയരാജന്‍ നല്‍കിയ സംഭാനയെന്നും അദ്ദേഹത്തെ വിലയിരുത്താന്‍ താനാളല്ല എന്നും കാനം തുറന്നടിച്ചു.

മൂന്നാറില്‍ റവന്യു വകുപ്പ് നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ നയമാണെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മഹിജയുടെ സമരത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെയും കാനം വിമര്‍ശിച്ചു. സമരം നടത്തിയത് കൊണ്ട് എന്ത് നേടി എന്ന് മുഖ്യമന്ത്രി ചോദിച്ചത് പണ്ട് മുതലാളിമാര്‍ ചോദിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. നിലമ്പൂരില്‍ മോവോയിസ്റ്റിനെ വെടിവച്ച് കൊന്നതിനെതിരെയും കാനം എതിര്‍പ്പ് പ്രകടിപ്പിച്ചു. സി.പി.ഐക്ക് പ്രതിപക്ഷ നിലപാട് എന്ന പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തിനും കാനം മറുപടി പറഞ്ഞു. പ്രിയപ്പെട്ട പ്രകാശ് കാരാട്ട് ഇത് പ്രതിപക്ഷത്തിന്റെ നിലപാടല്ല, ഇടതുപക്ഷ നിലപാടാണ് സി.പി.ഐക്കെന്നും അദ്ദേഹം വ്യക്തമാക്കി. കാരാട്ട് പരസ്യമായി പറഞ്ഞതിനാലാണ് പരസ്യമായിത്തന്നെ കാരാട്ടിന് മറുപടി നല്‍കുന്നതെന്ന് കാനം കൂട്ടിച്ചേര്‍ത്തു.

0Shares