മേലധികാരികളുടെ പീഡനക്കഥ വെളിപ്പെടുത്തിയ സൈനികന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing മേലധികാരികളുടെ പീഡനക്കഥ വെളിപ്പെടുത്തിയ സൈനികന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

മഹാരാഷ്ട്ര: മേലധികാരികള്‍ വീട്ടു ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യിപ്പിച്ചു പീഡിപ്പിക്കുന്നതായി പ്രതികരിച്ച മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയ് മാത്യു(33)വാണു മരിച്ചത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കല്‍ മുന്നോട്ട് വന്നിരിക്കുകയാണ്. കരസേനയിലെ റോക്കറ്റ് റജിമെന്ററിയില്‍ ലാന്‍സ് നായികായിരുന്നു റോയ് മാത്യു. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വര്‍ഷം മുമ്പാണ് നാസികിലെത്തിയത്. ഡിസംബര്‍ 28നാണ് അവസാനം നാട്ടില്‍ വന്ന് മടങ്ങിയത്. കഴിഞ്ഞ മാസം 25ന് ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

നാസികിലെ സൈനിക കേന്ദ്രങ്ങളില്‍ സൈനികരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് അവിടുത്തെ പ്രദേശിക ചാനലില്‍ അടുത്തിടെ ഒരു വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്താ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതല്‍ ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. റോയ് മാത്യു അടക്കം ചാനലില്‍ സംസാരിച്ച നാലു സൈനികരെ ഉന്നത ഉദ്യോഗസ്ഥര്‍ തടവിലാക്കിയെന്നും ആരോപണമുണ്ട്. നാസികിന് തൊട്ടടുത്തുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാസിക്കില്‍ തന്നെ സംസ്‌കരിക്കുമെന്നുമാണ് സൈനികോദ്യോഗസ്ഥര്‍ അറിയിച്ചത്. മോനച്ചന്‍ -സെല്‍വി ദമ്പതികളുടെ മൂത്തമകനാണു റോയി. ഭാര്യ ഫിനി.

0Shares