മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍; പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് നീക്കം ചെയ്യുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍; പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് നീക്കം ചെയ്യുന്നു.

ഇടുക്കി: മൂന്നാറില്‍ ദേവികുളം താലൂക്കിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്യാന്‍ തുടങ്ങി. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഉന്നത റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് കൈയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ അധികൃതര്‍ നീക്കി. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തേയും വിന്യസിച്ചിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ സംഘം എത്തിയത്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരും സംഘവും നേരത്തെ സ്ഥലത്തെത്തിയെങ്കിലും കൈയേറ്റക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ കുരിശ് പൊളിച്ചുമാറ്റാന്‍ കഴിയാതെ സംഘം പിന്‍വാങ്ങി. തുടര്‍ന്നാണ് ഇന്ന് വീണ്ടും സംഘം ഒഴിപ്പിക്കലിന് എത്തിയത്. നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇളക്കി മാറ്റുക ശ്രമകരമാണെന്ന് ദേവികുളം തഹസീല്‍ദാര്‍ പറഞ്ഞു. കുരിശ് നീക്കുന്നതിന് രണ്ട് മൂതല്‍ മൂന്ന് മണിക്കൂര്‍ വരെ വേണ്ടിവരുമെന്നും തഹസീല്‍ദാര്‍ വ്യക്തമാക്കി. കുരിശിന് സമീപത്തെ കെട്ടിടം പൊളിച്ചു നീക്കി. വിശ്വാസികളില്‍ നിന്ന് ഇതുവരെ എതിര്‍പ്പൊന്നും അധികൃതര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല.

0Shares