മൂന്നാര്‍ സമരപ്പന്തലില്‍ ഇന്നലെ സംഭവിച്ചത്: പ്രശ്‌നക്കാര്‍ ആംആദ്മിയോ, സി.പി.എമ്മോ..?

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാര്‍ സമരപ്പന്തലില്‍ ഇന്നലെ സംഭവിച്ചത്: പ്രശ്‌നക്കാര്‍ ആംആദ്മിയോ, സി.പി.എമ്മോ..?

ഇടുക്കി(മൂന്നാര്‍): ഏത് വിധേനയും പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സി.പി.എം. ഒരുങ്ങുന്നതായി നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ശരിവയ്ക്കുന്നതാണ് ഇന്നലെ സമരക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. പെമ്പിളൈ ഒരുമൈക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടിയെത്തുകയും ആംആദ്മി നേതാവ് സി.ആര്‍. നീലകണ്ഠന്‍ സമരക്കാര്‍ക്ക് പിന്തുണയുമായി നിരാഹാരത്തിലിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് രസിക്കാത്ത ചിലര്‍, ആംആദ്മി നിരാഹാരം അനുഷ്ടിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ആരോഗ്യം വഷളായ സി.ആര്‍. നീലകണ്ഠനെ ഇന്നലെ രാത്രി പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനു ശേഷം ആംആദ്മി പ്രതിനിധികളും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരപ്പന്തലില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചത്. ‘മൂന്നാറിലെ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാറുകാര്‍ക്കറിയാം, പുറത്ത് നിന്നുള്ളവര്‍ സമരപ്പന്തലില്‍ വേണ്ടെന്ന്’ ആക്രോശിച്ച ഇവര്‍ സമരപ്പന്തല്‍ പൊളിക്കാനുള്ള ശ്രമവും നടത്തി. ഇതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

സംഘര്‍ഷത്തില്‍ സമരപ്പന്തലിലുണ്ടായിരുന്ന ആംആദ്മി വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മണിക്കൂറുകള്‍ക്കകം തന്നെ സമാധാനം നിലനിര്‍ത്താനായി. കൂടുതല്‍ പോലീസ് എത്തിയാണ് സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കിയത്. അക്രമത്തിനു പിന്നില്‍ സി.പി.എം ആണെന്ന് തത്സമയം തന്നെ മാധ്യമങ്ങളോട് ഗോമതി വ്യക്തമാക്കുകയും ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പെമ്പിളൈ ഒരുമൈയും ആംആദ്മിയും വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണം സി.പി.എം നിഷേധിച്ചു. പെമ്പിളൈ ഒരുമൈയുടെ അഭ്യര്‍ത്ഥന മാനിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കുന്നില്ലെങ്കിലും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നിരാഹാര സമരം നടത്തുന്നത്. എം.എം. മണി രാജി വയ്ക്കുക, പരസ്യമായി മാപ്പ് പറയുക എന്നീ ആവശ്യങ്ങളാണ് ഇവരുന്നയിക്കുന്നത്. മണി രാജി വയ്ക്കുന്നത് വരെ സമരം തുടരാന്‍ തന്നെയാണ് പെമ്പിളൈ ഒരുമൈയുടെ തീരുമാനം.

 

0Shares