മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാട്; ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാട്; ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍.

സോള്‍(ദ.കൊറിയ): ലോകത്തിന് ഭീഷണിയായി അമേരിക്കന്‍- ഉത്തര കൊറിയന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്കെല്ലാം ആശങ്ക. ആണവ ആയുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നല്‍കുന്ന സൂചനകളാണ് മനുഷ്യരാശിയെ ഭയപ്പെടുത്തുന്നത്. അമേരിക്കന്‍ മുന്നറിയിപ്പ് വകവെക്കാതെ ആണവ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു പോകുന്ന കൊറിയന്‍ നിലപാടുകളാണ് ഇപ്പോഴത്തെ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്.

ഇതിനിടെ ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അമേരിക്കന്‍ മുന്നറിയിപ്പ് വകവെക്കാതെ ഉത്തര കൊറിയ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങളും അമേരിക്കന്‍ സൈന്യവുമാണ് ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്നും എന്നാല്‍, അത് പരാജയപ്പെട്ടുവെന്നും അറിയിച്ചത്. ബാലസ്റ്റിക് മിസൈല്‍ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണമാണ് പരാജയപ്പെട്ടത്. മിസൈല്‍ തൊടുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ചു എന്നാണ് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേണ്ടി വന്നാല്‍ ആണവ ആയുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന വാര്‍ത്തയും പുറത്തുവന്നത്.

അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച് വടക്കന്‍ കൊറിയയുടെ വന്‍ സൈനിക ശക്തി പ്രകടനം നടന്നു. മിസൈലുകളും സബ് മറൈനുകളും പട്ടാള യുവതികളുടെ ഉശിരന്‍ പ്രകടനവുമായി സൈനിക റാലിയുണ്ടായി. തുടര്‍ന്ന് ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം നടത്തി. യുദ്ധസന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ട് ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സേന അണിനിരന്നിട്ടുണ്ട്. ഏത് നിമിഷവും ബോംബ് വീഴുമെന്ന ഭയത്തിലാണ് ദക്ഷിണ കൊറിയന്‍ ജനത. മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാടിനെ കുറിച്ചുള്ള ഭയാശങ്കകള്‍ ഇതിനകം ചൈനീസ് ഭരണകൂടം പങ്കുവച്ചിട്ടുണ്ട്.അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണ കൊറിയന്‍ തലസ്ഥാനത്തെത്തി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വരും ദിനങ്ങള്‍ ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.

0Shares