
മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാന്‍ എന്ന് വിളിച്ച ജഗ്ഗി വാസുദേവിന്‍റെ മാപ്പപേക്ഷ സ്വീകരിക്കുന്നില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍. ജഗ്ഗിയുടെ ഈ പരാമര്‍ശം ഇസ്ലാമോഫോബിയ ആയാണ് തങ്ങള്‍ കാണുന്നതെന്ന് എല്‍.എസ്ഇയു വ്യക്തമാക്കി.
കഴിഞ്ഞ മാസം 27ന് തന്‍റെ ‘യൂത്ത് ആന്‍ഡ് ട്രൂത്ത്’ പരിപാടിയുമായി സര്‍വ്വകലാശാലയിലെത്തിയ ജഗ്ഗി വസുദേവ് പാകിസ്താന്‍ വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ‘ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്’ എന്ന് ജഗ്ഗി ബിലാലിനോട് പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഇസ്ലാമോഫോബിക് പരാമര്‍ശം ക്യാംപസില്‍ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ജഗ്ഗി വസുദേവ് വിചിത്രമായ വിശദീകരണവുമായാണ് രംഗത്തെത്തിയത്. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന്‍ എന്ന വാക്കിന്‍റെ അറബിക് അര്‍ത്ഥമാണെന്നുമായിരുന്നു ജഗ്ഗിയുടെ വാദം. ഇന്ത്യയില്‍ ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ താലിബാന്‍ എന്ന് വിളിക്കാറുണ്ടെന്നും ‘സദ്ഗുരു’ കള്ളം പറഞ്ഞു.
വളരെയധികം അനുയായികളുള്ള, അധികാരവും സ്ഥാനവുമുള്ള, സഹിഷ്ണുത പ്രോത്സാഹിക്കുന്നതായി അവകാശപ്പെടുന്ന വ്യക്തികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘താലിബാന്‍’ എന്ന വാക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയപരവും തീവ്രവാദപരവുമായ അര്‍ത്ഥങ്ങളേക്കുറിച്ച് ബോധ്യവും സൂക്ഷ്മബോധവുമുള്ളവരായിരിക്കണം. വസുദേവിന്‍റെ പ്രതികരണങ്ങള്‍ പോലുള്ള ‘കാഷ്വല്‍ ഇസ്ലാമോഫോബിയ’, തെറ്റിദ്ധാരണയും തീര്‍പ്പും കല്‍പിക്കുന്ന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ബ്രിട്ടനിലും ന്യൂസിലാന്‍ഡിലും ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ മുസ്ലീംകള്‍ ഭീകരാക്രമണത്തിന് ഇരയാകുന്ന സാഹചര്യവും വിദ്യാര്‍ത്ഥികള്‍ ‘സദ്ഗുരുവിനെ’ ചൂണ്ടിക്കാട്ടി.
