മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ ഇന്ത്യയില്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നു; അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

  • Post category:news
  • Reading time:2 mins read
You are currently viewing മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ ഇന്ത്യയില്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നു; അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ റിപ്പോർട്ടിൽ രാജ്യത്തെ മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നുവെന്ന റിപ്പോർട്ട് ഇന്ത്യ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശമുണ്ടന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യ മതേതരത്വത്തിലും രാജ്യത്തിന്‍റെ ഏകത്വത്തിലും അഭിമാനിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും രാജ്യത്തിനുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. 2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് നരേന്ദ്രമോദി സർക്കാരിന് കീഴിൽ കന്നുകാലികളെ വിറ്റുവെന്നോ മോഷ്ടിച്ചുവെന്നോ അവയുടെ ഇറച്ചി സ്വന്തമാക്കിയെന്നോ ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തുന്നത് പതിവായിരിക്കുന്നുവെന്നും പറയുന്നത്.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:

2018ലുടനീളം അക്രമാസക്ത തീവ്ര ഹൈന്ദവഗ്രൂപ്പുകളാല്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ പശുവിന്‍റെ പേരില്‍ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. 2018ല്‍ എട്ടുപേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

2018 ജൂണില്‍ ബീഫിന്‍റെ പേരില്‍ അക്രമസക്തരായ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയായ മുസ്‌ലിമിനെ സംരക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം സ്റ്റേഷനില്‍ കൊണ്ടുവരുകയും ഇടയ്ക്ക് വാഹനം നിര്‍ത്തി ചായകുടിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് പൊലിസിന്‍റെ നടപടിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആശുപത്രിയിലെത്തിക്കും മുന്‍പേ പ്രസ്തുത സംഭവത്തിലെ ഇരയായ മുസ്‌ലിം മരിച്ച സംഭവത്തില്‍ പോലിസുകാരനെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസെടുത്തതും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ഥിതി വഷളാക്കുന്ന വിധത്തില്‍ അതിപ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് പുറപ്പെടുവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

മതത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്. 14.2 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമാണ്.

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണന്നും സ്വതന്ത്ര പൂര്‍വ ഇന്ത്യയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറെക്കാലം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയം ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കുന്നു. പലനഗരങ്ങളുടെയും റോഡുകളുടെയും മുസ്‌ലിം പേരുകള്‍ മാറ്റി. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം സംഭാവനകള്‍ മായ്ച്ചുകളയാനാണ് ഇത്തരം നടപടികളെന്ന ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അടിസ്ഥാന മനുഷ്യാവകാശങ്ങളെ എങ്ങിനെയാണ് ഓരോ രാജ്യങ്ങളും നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് കാര്‍ഡാണ് റിപ്പോര്‍ട്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപ്യോ പറഞ്ഞു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

0Shares