
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു.ജി.സി പാനല്‍. സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നാണ് സൂചനകള്‍. സര്‍വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം നിലനിര്‍ത്തണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലില്‍ യു.ജി.സി നിയോഗിച്ച അഞ്ച് കമ്മിറ്റികളിലൊന്ന് അലിഗഢ് സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ കമ്മിറ്റി അന്വേഷണം നടത്തിയില്ലെങ്കിലും പാനല്‍ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.എച്ച്.യുവിനേയും പരാമര്‍ശിച്ചിട്ടുണ്ട്.

അലിഗഢിനു പുറമേ പോണ്ടിച്ചേരി സര്‍വ്വകലാശാല, അലഹബാദ് സര്‍വ്വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് കേന്ദ്രസര്‍വ്വകലാശാല, രാജസ്ഥാന്‍ കേന്ദ്രസര്‍വ്വകലാശാല, ജമ്മു കേന്ദ്ര സര്‍വ്വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വ്വകലാശാല, ഹരി സിങ് ഗൗര്‍ സര്‍വ്വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ, ഗവേഷണ,സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ കുറിച്ചാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്ക് ഒഴിവാക്കി അലിഗഢ് സര്‍വ്വകലാശാല എന്നോ അല്ലാത്തപക്ഷം സര്‍വ്വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സര്‍വ്വകലാശാല എന്നോ മാറ്റണമെന്ന് പാനല്‍ നിര്‍ദ്ദേശിക്കുന്നു.
