മുസ്ലിംലീഗ്-പി.ഡി.പി തെരുവ് യുദ്ധം: ഫാഷിസ്റ്റുകള്‍ക്ക് വളംവെച്ചു കൊടുക്കരുതെന്ന് മഅ്ദനി

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലിംലീഗ്-പി.ഡി.പി തെരുവ് യുദ്ധം: ഫാഷിസ്റ്റുകള്‍ക്ക് വളംവെച്ചു കൊടുക്കരുതെന്ന് മഅ്ദനി

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്്ലിം ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ അപലപിച്ച് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ശബ്ദസന്ദേശം. ഫേസ്ബുക്കില്‍ തന്റേ പേജിലാണ് ഏഴ് മിനുറ്റ് നീള്ളുന്ന ശബ്ദസന്ദേശം മഅ്ദനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഫാഷിസ്റ്റ് ഭീഷണിയെ കഴിയുന്ന തരത്തില്‍ എതിര്‍ത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. അതുകൊണ്ടു തന്നെ ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ല’. മഅ്ദനി പറഞ്ഞു. ബീമാ പള്ളിയില്‍ സംഘര്‍ഷം നടക്കുന്നു എന്നതടക്കമുള്ള പ്രചാരണങ്ങളും നടത്തുന്നു. ഇതും വ്യാജ വാര്‍ത്തയാണ്.പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന പരമായി നടത്തണം. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ജില്ലയില്‍ യാതൊരു പ്രതിഷേധ പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മഅ്ദനി ശബ്ദസന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.ശത്രുക്കള്‍ക്ക് ചിരിക്കാനും സന്തോഷിക്കാനും അവസരം പിഡിപി പ്രവര്‍ത്തകര്‍ ഉണ്ടാക്കരുത്. പാര്‍ട്ടിയെ ഭീകരസംഘടനയെന്ന് ആരോപിക്കുന്നവര്‍ക്ക് മുതലെടുക്കാനുള്ള അവസരവും ഉണ്ടാക്കരുത്. മഅ്ദനി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.കഴിഞ്ഞ ദിവസമാണ് വാക്ക് തര്‍ക്കത്തിലാരംഭിച്ച സംഘര്‍ഷം നടുറോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തിലേക്ക് വളര്‍ന്നത്. സംഘര്‍ഷ സ്ഥലത്ത് എത്തിയ കഴക്കൂട്ടം പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിഡിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. പിഡിപി പ്രവര്‍ത്തകരെ വളിഞ്ഞിട്ട് മര്‍ദിക്കുന്നതിന്റേയും അടിച്ച് ഓടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ലീഗ് പ്രവര്‍ത്തകര്‍ തന്നേയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

0Shares