മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാട്, ഇത് യോജിച്ചു നിൽക്കേണ്ട സമയം; സി.പി.എം സമരം ശക്തമാക്കും

  • Post category:news
  • Reading time:1 min read
You are currently viewing മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാട്, ഇത് യോജിച്ചു നിൽക്കേണ്ട സമയം; സി.പി.എം സമരം ശക്തമാക്കും

വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച്‌ കലാപ അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണാനും കഴിയേണ്ടതുണ്ട്‌. മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിശാലമായ ഐക്യത്തെ ദുര്‍ബലപ്പെടുത്താനും സംഘപരിവാരത്തിന്‍റെ ഉദ്ദേശം നടപ്പിലാക്കാനും മാത്രമേ ഉതകൂ. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്‍റെ ഭാഗമാവുകയാണ്‌ വേണ്ടതെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നു എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി.

ഈ കാഴ്‌ച്ചപ്പാടോടെയാണ്‌ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ്‌ നേതാക്കളും പങ്കെടുത്ത്‌ ഡിസംബര്‍ 16 ന്‌ മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്‌. കേരളീയ സമൂഹത്തിന്‌ മാത്രമല്ല ഇന്ത്യന്‍ ജനതയ്‌ക്കും ഇത്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കിയത്‌. ഇതിന്‌ സഹായകരമായ പ്രതിപക്ഷ നേതാവിന്‍റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്‌ലിം ലീഗ്‌ നേതൃത്വത്തിന്‍റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്‌.

മറ്റ്‌ പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ്‌ വേണ്ടത്‌. മാറിയ രാഷ്‌ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ്‌ നിലപാട്‌ സ്വീകരിക്കേണ്ടി വരുമെന്ന ശ്രീ.ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്‌ എന്ന് സിപിഎം വിലയിരുത്തി.

എന്നാല്‍, ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സി.പിഎം വിരുദ്ധ നിലപാട്‌ മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്‌ ഖേദകരമാണ്‌. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍.എസ്‌.എസ്സുമായി യോജിച്ച്‌ കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‌ ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന്‌ സി.പി.എമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ പറയുന്നത്‌ എത്രമാത്രം സങ്കുചിതമാണ്‌. ഇന്നത്തെ സാഹചര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ച്‌ നില്‍ക്കണമെന്നു തന്നെയാണ്‌ പാര്‍ട്ടിയുടെ നിലപാട് എന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

0Shares