ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ബട്ടാവടിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കവേയാണ് രവികുമാറി(55)നെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആളുകള്‍ നോക്കിനില്‍ക്കെ ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് കൊലപാതകം. രണ്ട് പേര്‍ ഈ സമയം കടയില്‍ എത്തുകയും മുളകുപൊടി എറിയുകയുമായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുമഗുരു കോര്‍പറേഷനില്‍ നിലവില്‍ അംഗം കൂടിയാണ് രവികുമാര്‍. ജെ.ഡി.എസ് ടിക്കറ്റിലാണ് തുമകുരു കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ കുമാരസ്വാമി സര്‍ക്കാരില്‍ മന്ത്രിയായ എസ്.ആര്‍ ശ്രീനിവാസിന്റെ അടുത്ത അനുയായി ആണ്. നിലവില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഗദ്ദ രവി എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ ഉണ്ട്. തുമകുരുവിലെ ഗുണ്ടാ നേതാവായിരുന്നു രവികുമാര്‍.പിന്നീടാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പഴയ ഏതെങ്കിലും കേസിലെ ശത്രുതയാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
മുന്‍ മേയറെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു: കാരണമിതാണ്