
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒഴിവെടുത്ത് സൈനിക സേവനത്തിന്‍റെ ഭാഗമാകുന്നു. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോണി സൈന്യത്തിന്‍റെ ഭാഗമാകുക.
കാശ്മീര്‍ താഴ്വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്സിന്‍റെ ഭാഗമായിരിക്കും ധോണി. രാഷ്ട്രീയ റൈഫിള്‍സിന്‍റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്സ്.

അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്സിന്‍റെ ചുമതല. ധോണി, സൈന്യത്തിന്‍റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടി.എ ബറ്റാലിയനൊപ്പമാണ് ധോണി. നേരത്തെ വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനും സജീവമായി പങ്കെടുക്കാനുമാണ് ധോണി ആഗ്രഹിക്കുന്നത് എന്ന തരത്തില്‍ ധോണിയുടെ മാനേജര്‍ പ്രതികരിച്ചിരുന്നു.
നിലവില്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റ്‌നന്റ് കേണലാണ് ധോണി. ലോകകപ്പില്‍ ധോണി കീപ്പിംഗ് ഗ്ലൗവില്‍ സൈനിക ചിഹ്നം ഉപയോഗിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പിന്‍മാറിയിട്ടുണ്ട്.
