ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. നയതന്ത്ര വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബിലാണ് ജനിച്ചത്. ഒരു ഉര്‍ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്‌സ്മാനിലെത്തി. അടിയന്തരാവസ്ഥാ കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1990 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1997 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് നയ്യാര്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന് എതിരായതിനാല്‍ തന്നെ ഇതിന്റെ പേരില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അനുശോചനം നടത്താന്‍ എത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ‘നമ്മുടെ കാലത്തെ ബുദ്ധിജീവി ഭീമന്‍’ എന്ന് വിശേഷിപ്പിച്ചു.’
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു