മുടി ‘സ്ട്രെയ്റ്റന്‍’ ചെയ്തത് വില്ലനായി; കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുടി ‘സ്ട്രെയ്റ്റന്‍’ ചെയ്തത് വില്ലനായി; കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

ബാംഗ്ലൂര്‍;ചുരുള്‍മുടി നിവര്‍ത്തുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതി മുടികൊഴിഞ്ഞതിനെത്തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയുമായ നേഹ ഗംഗമ്മ (19)യുടെ മൃതദേഹമാണ് പുഴയില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞമാസം 28-മുതല്‍ പെണ്‍കുട്ടിയെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മുടി ധാരാളമായി കൊഴിയുന്നതില്‍ വിഷമത്തിലായിരുന്നു നേഹ. സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജില്‍ പോകാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍നിന്ന് മുടി നിവര്‍ത്തിയതിന് ശേഷമാണ് നേഹയുടെ മുടി വന്‍തോതില്‍ കൊഴിയാന്‍തുടങ്ങിയത്.

ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച് മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഒരുവര്‍ഷത്തേക്ക് കോളേജില്‍ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന്് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി കോളേജിലേക്ക് പോയി. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇവരുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരേ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബില്‍നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

0Shares