കൊച്ചി: ട്രോളര്‍മാരുടെയും വിമര്‍ശകരുടെയും ശല്യം സഹിക്ക വയ്യാതെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ തല്ക്കാലം നിര്‍ത്തി വെക്കുകയാണെന്ന് പ്രഖ്യാപിച്ച ജോയ് മാത്യു വീണ്ടും തന്റെ അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുകയാണ്. ഇരുപത്തിനാലു മണിക്കൂറില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ തിരികെ എത്തിയത്. പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് പ്രവര്ത്തകന് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ പരിഹാസവും പ്രതിഷേധവുമായാണ് ഇപ്രാവശ്യം ജോയ് മാത്യു കത്തിക്കയറിയത്.

”ഒരു കോടി രൂപാ സഞ്ചിയിലിട്ട് ഇങ്ങോട്ട് വരണ്ട കുണ്ടാ, മൂന്ന് കോടിജനങ്ങളുടെ ഭരണകര്‍ത്താവാണു പിണറായി വിജയന് എന്ന മുഖ്യമന്ത്രി. തനിക്ക് പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരാള്‍ ഒരു രൂപാവെച്ച് എടുത്താല്‍ തന്നെ മൂന്നുകോടി രൂപാ വരും. അത് തനിക്ക് തന്നേക്കാം എന്തിനാന്ന് വെച്ചാല്‍ തന്നെപ്പോലെ തലക്ക് വെളിവില്ലാത്തവരുടെ ചികില്‍സാ ഫണ്ടിലേക്ക്’. ഇങ്ങനെയാണ് ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. അനുകൂലികളും പ്രതികൂലികളും തമാശക്കാരും സ്നേഹ ഭീഷണിക്കാരും ഒരുമിച്ച് നിര്‍ബന്ധിച്ചതിനാലാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ എത്തുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരെ നിരാശപ്പെടുത്തിയാല്‍ ശാപം കിട്ടുമെന്നും തമാശരൂപേണ ജോയ് മാത്യു കൂട്ടിചേര്‍ത്തു.