
രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാരിന് ഏകദേശ രൂപമായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദത്തില്‍ എന്‍.സി.പി വിട്ടുവീഴ്ച ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ട്. ധാരണ അനുസരിച്ച് അഞ്ച് വര്‍ഷവും മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് തന്നെയായിരിക്കും. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനങ്ങളാകും ഉണ്ടാകുകയെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിവസേനയ്ക്കും എന്‍.സി.പിക്കും 14 വീതം മന്ത്രിസ്ഥാനങ്ങളും കോണ്‍ഗ്രസിന് 12 മന്ത്രിമാരും അടങ്ങുന്ന കാബിനറ്റിനാണ് ഏകദേശ ധാരണയായിരിക്കുന്നത്. മന്ത്രിസ്ഥാനങ്ങള്‍ തുല്യമായി വീതിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിനെന്നാണ് ധാരണ.
കര്‍ഷകതാത്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേര്‍ന്നാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന വിഷയങ്ങളുടെ കരടിന് രൂപംനല്‍കിയത്. പൊതുമിനിമം പരിപാടി ഇനി മൂന്നുപാര്‍ട്ടികളുടെയും അധ്യക്ഷര്‍ക്ക് കൈമാറും. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷുറന്‍സ്, വരള്‍ച്ചാ ദുരിതാശ്വാസം എന്നിവയെല്ലാം പൊതുമിനിമം പരിപാടിയുടെ ഭാഗമാകും.

സര്‍ക്കാരിന് ഗ്രാമീണമുഖം നല്‍കുക എന്നതാണ് ലക്ഷ്യം. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ അതൃപ്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പൊതുമിനിമം പരിപാടി തയ്യാറാക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വി.ഡി. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുക, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക തുടങ്ങിയ തീവ്രഹിന്ദുത്വനിലപാടുകളില്‍നിന്ന്‍ ശിവസേന മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ അകറ്റുന്നതിനോടൊപ്പം യുവാക്കളുടെയിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കര്‍മപദ്ധതി തയ്യാറാക്കിയേക്കും. ബി.ജെ.പി.ഇതരസര്‍ക്കാര്‍ രൂപവത്കരണത്തിന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെയാണ് സോണിയയുമായുള്ള പവാറിന്‍റെ കൂടിക്കാഴ്ച നിശ്ചയിച്ചത്.
അതേസമയം ബദല്‍നീക്കവുമായി ബി.ജെ.പിയും സജീവമാണ്. എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാരിനുള്ള നീക്കമാണ് ഡല്‍ഹി കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തുന്നത്. കേന്ദ്രമന്ത്രിസഭയില്‍ രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ബി.ജെ.പി എന്‍.സി.പിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ പവാറിന്‍റെ മകള്‍ സുപ്രിയ സുലേയ്ക്ക് കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിട്ടുണ്ട്.
