
പത്തനംതിട്ട : ശബരിമലയിലെ സ്ഥിതി വിലയിരുത്തുന്നതിനും മണ്ഡലകാല ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തെത്തി. വൈകീട്ടോടെ പമ്പയിലെത്തിയ മുഖ്യമന്ത്രി ഒമ്പതുമണിയോടെയാണ് നീലിമല കയറി സന്നിധാനത്തേക്ക് കാല്‍നടയായി എത്തിയത്. ശക്തമായ മഴയാണ് ശബരിമലയില്‍. മഴ വകവയ്ക്കാതെ കാല്‍നടയായി തന്നെ മല ചവിട്ടാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

പൊന്നാട അണിയിച്ചാണ് ശബരിമലയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളിയും ഉദ്യോഗസ്ഥരുടെ സംഘവും കൂടെയുണ്ട്. കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ മലകയറ്റം. സന്നിധാനത്തെത്തിയ മുഖ്യമന്ത്രി ശബരിമലയിലെ വികസനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.